'കടക്ക് പുറത്ത്'; മാധ്യമപ്രവർത്തകനോട് ചൂടായി ട്രംപ്, 'ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ചത് പ്രകോപനം'

സന്ദർഭത്തിന് അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

dot image

വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്‌ക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മുറിയിൽ നിന്ന് പുറത്തുകടക്കാൻ ട്രംപ് ആവശ്യപ്പെട്ടു. സന്ദർഭത്തിന് അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ട്രംപും റാമഫോസയും മാധ്യമങ്ങളെ കാണുമ്പോൾ എൻബിസി ന്യൂസിലെ മാധ്യമപ്രവർത്തകൻ മിഡിൽ ഈസ്റ്റ് യാത്രയെക്കുറിച്ചും ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തെക്കുറിച്ചും ചോദിച്ചു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

'എന്താണ് നിങ്ങൾ സംസാരിക്കുന്നത്? ഇവിടെനിന്ന് പുറത്തുകടക്കൂ. ഇവിടെ ഖത്തർ വിമാനത്തെക്കുറിച്ച് എന്തിനാണ് പറയുന്നത്? അവർ വിമാനം തന്നത് വലിയ ഒരു കാര്യം തന്നെയാണ്. പക്ഷെ ഇവിടെ മറ്റ് പല കാര്യങ്ങളെക്കുറിച്ചല്ലേ നമ്മൾ സംസാരിക്കുന്നത്. നിങ്ങൾക്ക് ഒരു റിപ്പോർട്ടർ ആകാനുള്ള യോഗ്യതയില്ല, അതിനുള്ള കഴിവുമില്ല' എന്നാണ് മാധ്യമപ്രവർത്തകനോട് ട്രംപ് പറഞ്ഞത്.

മാധ്യമപ്രവർത്തകനോട് ഇനിയും ചോദ്യങ്ങൾ ചോദിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് എൻബിസി ന്യൂസിനെയും കുറ്റപ്പെടുത്തി. അപ്പോഴും പിന്മാറാൻ തയ്യാറാകാതിരുന്ന മാധ്യമപ്രവർത്തകൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. അവസാനം ഖത്തർ ജെറ്റ് മാത്രമല്ല, നിക്ഷേപങ്ങൾ കൂടിയാണ് തന്നതെന്ന് പറഞ്ഞവസാനിപ്പിക്കുകയാണ് ട്രംപ് ചെയ്തത്.

മിഡിൽ ഈസ്റ്റ് സന്ദർശനത്തിനെത്തിയ ട്രംപിന് ബോയിങ് 747 വിമാനമാണ് ഖത്തർ സമ്മാനമായി നൽകിയത്. അത്യാഢംബര സൗകര്യങ്ങളാണ് വിമാനത്തിലുള്ളത്. അവ കാരണം 'പറക്കും കൊട്ടാരം' എന്നാണ് ഈ വിമാനം വിശേഷിപ്പിക്കപ്പെടുന്നത്. നിലവിലെ ഔദ്യോഗിക വിമാനത്തിന് പകരമായി ഈ വിമാനം യാത്രകൾക്ക് ഉപയോഗിക്കാനാണ് ട്രംപിന്റെ പദ്ധതി.

ഖത്തർ വിമാനം സ്വീകരിച്ചതിന് ട്രംപിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ വിദേശരാജ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കാൻ യുഎസ് പ്രസിഡന്റിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇപ്പോൾ നടന്നത് സുതാര്യമായ ഇടപാടാണെന്നും തനിക്ക് സമ്മാനം ലഭിച്ചത് വിമർശകരെ വളരെയധികം അലട്ടുന്നുണ്ടെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

Content Highlights: Trump asks reporter to get out of his room

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us