
വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ ജൂത മ്യൂസിയത്തിൽ അജ്ഞാതന്റെ വെടിവെപ്പ്. വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മ്യൂസിയത്തിൽ നിന്ന് ഇരുവരും പുറത്തേയ്ക്കിറങ്ങുന്നതിനിടെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. ക്ലോസ് റേഞ്ചിലായിരുന്നു വെടിവെപ്പ്. എംബസി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുകൊണ്ടാണ് കൊലയാളി എത്തിയത് എന്നാണ് വിവരം. ടൂറിസ്റ്റ് സൈറ്റുകൾ, മ്യൂസിയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ അടക്കമുള്ള പ്രദേശത്തായിരുന്നു വെടിവെപ്പ് ഉണ്ടായത്.
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുശോചനം അറിയിച്ചു. ജൂതവിരുദ്ധത അവസാനിപ്പിക്കണമെന്നും വെറുപ്പിനും ഭീകരതയ്ക്കും യുഎസില്‍ സ്ഥാനമില്ലെന്നും ട്രംപ് പറഞ്ഞു. ജൂതർക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനം എന്നാണ് വെടിവെപ്പിനെ ഐക്യരാഷ്ട്രസഭയുടെ ഇസ്രയേലി പ്രതിനിധി വിശേഷിപ്പിച്ചത്. യുഎസ് പൊലീസിൽ എല്ലാ വിശ്വാസവും ഉണ്ടെന്നും, യുഎസിലെ ജ്യൂവിഷ് വംശജർക്ക് സംരക്ഷണം ഒരുക്കുമെന്നും ഇസ്രയേൽ എംബസി വക്താവ് പറഞ്ഞു.
നീല ജീൻസും നീല ജാക്കറ്റുമാണ് അക്രമി ധരിച്ചിരുന്നതെന്നാണ് സൂചന. ഇയാൾ പൊടുന്നനെ മ്യൂസിയത്തിലെത്തി വെടിയുതിർക്കുകയായിരുന്നു. അടുത്തിടെ ഭീഷണികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ മ്യൂസിയത്തിന് കർശനമായ സുരക്ഷ നൽകാൻ തീരുമാനമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് രാജ്യത്തെ ജൂത ആരാധനാലയങ്ങൾക്കും മ്യൂസിയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Content Highlights: two israeli embassy staff shot dead at US Jewish museum