മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിക്ക് മറ്റൊരു ഹിറ്റ്, യോഗി ബാബു തകർത്തു; 'എയ്‌സ്‌' ആദ്യ പ്രതികരണങ്ങൾ പുറത്ത്

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി മികച്ച് നിൽക്കുന്നെന്നും ചിത്രം ഹിറ്റടിക്കുമെന്നാണ് മറ്റൊരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്

dot image

തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് എയ്‌സ്‌. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിൽ എത്തും. റിലീസിന് മുൻപായി ഇന്ന് ചിത്രത്തിന്റെ പ്രീവ്യൂ ഷോകൾ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

പതിവ് പോലെ മികച്ച പ്രകടനമാണ് വിജയ് സേതുപതി കാഴ്ച്ചവെച്ചിരിക്കുന്നതെന്നും മഹാരാജയ്ക്ക് ശേഷം നടന്റെ മറ്റൊരു ഹിറ്റ് സിനിമയാകും എയ്‌സ്‌ എന്നും അഭിപ്രായങ്ങളുണ്ട്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി മികച്ച് നിൽക്കുന്നെന്നും ചിത്രം ഹിറ്റടിക്കുമെന്നാണ് മറ്റൊരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്. യോഗി ബാബുവിന്റെ ഹ്യൂമർ എല്ലാം വർക്ക് ആകുന്നുണ്ടെന്നും വിജയ് സേതുപതിയുമായിട്ടുള്ള നടന്റെ കോമ്പിനേഷൻ സീനുകൾ ചിരിപടർത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. 'ബോൾഡ് കണ്ണൻ' എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാൾക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഖകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈയ്നർ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.

Content Highlights: Vijay Sethupathil film ace gets positive response

dot image
To advertise here,contact us
dot image