'ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും, പിന്നോട്ടില്ല': ജാമിയ മിലിയയില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, മര്‍ദ്ദനം
ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ സംഘം ചേരാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി
25 Jan 2023 11:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിക്കാനിരിക്കെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ സംഘര്‍ഷം. എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ളവരെ കരുതല്‍ തടങ്കലില്‍ വച്ചതിനെതിരെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ സംഘം ചേരാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, പ്രവര്‍ത്തകരായ നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് നേരത്തെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിവേദ്യയെ പൊലീസ് മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വ്വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.