ആദ്യ ദിനം മൂന്ന് സെഞ്ച്വറികൾ; സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ

അതിനിടെ 163 പന്തിൽ 24 ഫോറും രണ്ട് സിക്സറും സഹിതം 169 റൺസുമായി ഒലി പോപ്പ് കീഴടങ്ങാൻ കൂട്ടാക്കാതെ ക്രീസിൽ തുടരുകയാണ്

dot image

സിംബാബ്‍വെയ്ക്കെതിരായ നാല് ദിവസത്തെ ഏക ടെസ്റ്റ് പരമ്പരയിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 498 റൺസെന്ന വമ്പൻ ടോട്ടലിലേക്ക് ഇം​ഗ്ലണ്ട് ടീം എത്തിക്കഴിഞ്ഞു. മുൻ നിരയിലെ മൂന്ന് താരങ്ങളുടെ സെഞ്ച്വറിയാണ് ഇം​ഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‍വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ഇം​ഗ്ലീഷ് സംഘത്തിന് ശക്തമായ തുടക്കമാണ് നൽകിയത്. 171 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 124 റൺ‌സാണ് സാക്ക് ക്രൗളി അടിച്ചെടുത്തത്. 140 പന്തുകൾ നേരിട്ട് 20 ഫോറുകളും രണ്ട് സി​ക്സറുകളും സഹിതം 134 റൺസാണ് ബെൻ ഡക്കറ്റിന്റെ സംഭാവന. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 231 റൺസാണ് പിറന്നത്. ഒടുവിൽ ഡക്കറ്റിനെ പുറത്താക്കി വെസ്ലി മധേവെരെ സിംബാബ്‍വെയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

എന്നാൽ പിന്നാലെ വന്ന ഒലി പോപ്പും റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ സിംബാബ്‍വെയ്ക്കുമേൽ ഇം​ഗ്ലീഷ് ആധിപത്യം തുടരാൻ സഹായമായി. രണ്ടാം വിക്കറ്റിൽ ക്രൗളിയും ഒലി പോപ്പും ചേർന്ന് 137 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സിക്കന്ദർ റാസയാണ് ക്രൗളിയെ പുറത്താക്കി രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്.

അതിനിടെ 163 പന്തിൽ 24 ഫോറും രണ്ട് സിക്സറും സഹിതം 169 റൺസുമായി ഒലി പോപ്പ് കീഴടങ്ങാൻ കൂട്ടാക്കാതെ ക്രീസിൽ തുടരുകയാണ്. 44 പന്തിൽ മൂന്ന് ബൗണ്ടറികളടക്കം 34 റൺസ് നേടിയ ജോ റൂട്ടിന്റെതാണ് ആദ്യ ദിനം ഇം​ഗ്ലണ്ടിന് നഷ്ടപ്പെട്ട മറ്റൊരു വിക്കറ്റ്. ബ്ലെസിംഗ് മുസാറബനിയാണ് റൂട്ടിനെ വീഴത്തിയത്. റൂട്ടും പോപ്പും ചേർന്ന മൂന്നാം വിക്കറ്റിൽ 111 റൺസ് പിറന്നിരുന്നു. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ 18 പന്തിൽ ഒമ്പത് റൺസെടുത്ത ഹാരി ബ്രൂക്കാണ് പോപ്പിന് പിന്തുണയുമായി ക്രീസിലുള്ളത്. രണ്ടാം ദിവസം പരമാവധി റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാവും ഇംഗ്ലണ്ട് ശ്രമം.

Content Highlights: England post 498 on Day 1 vs ZIM

dot image
To advertise here,contact us
dot image