
ഐപിഎൽ സീസൺ റൺവേട്ടയിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ ഒന്നാമത് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 21 റൺസ് മാത്രമാണ് സായി സുദർശന് നേടാനായത്. എങ്കിലും സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 638 റൺസെടുള്ള സായി ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസ് സഹതാരവും ടീം ക്യാപ്റ്റനുമായ ശുഭ്മൻ ഗിൽ സായിക്ക് തൊട്ടുപിന്നിലുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 636 റൺസാണ് ഗിൽ നേടിയിരിക്കുന്നത്. റൺവേട്ടയിൽ സായിയും ഗില്ലും തമ്മിലുള്ള വ്യത്യാസം രണ്ട് റൺസ് മാത്രമാണ്.
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് മൂന്നാം സ്ഥാനത്തുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 583 റൺസാണ് സൂര്യയുടെ നേട്ടം. അതിനിടെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ സെഞ്ച്വറി നേട്ടം മിച്ചൽ മാർഷിനെ റൺവേട്ടയിൽ മുന്നിലെത്തിച്ചു. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മാർഷ് ഇപ്പോൾ റൺവേട്ടയിലെ നാലാമനാണ്. 12 മത്സരങ്ങളിൽ നിന്ന് മാർഷ് 560 റൺസ് നേടി. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നേടിയ 117 റൺസാണ് മാർഷിന്റെ ടോപ് സ്കോർ.
രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളാണ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ജയ്സ്വാൾ 559 റൺസ് നേടിയിട്ടുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 533 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ ആറാം സ്ഥാനത്തുണ്ട്. ഏഴാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാൻ 511 റൺസ് അടിച്ചെടുത്തുകഴിഞ്ഞു.
Content Highlights: Sai Sudharsan leads Orange Cap list, Gill second