ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ വിലക്കി ട്രംപ്; നൂറ് കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും ബാധിക്കും

അക്രമം, യഹൂദ വിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഏകോപനം എന്നിവ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വളര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവും ഭരണകൂടം ഉയര്‍ത്തുന്നു

dot image

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തി. സര്‍വകലാശാലയുടെ സ്റ്റുഡന്റ് ആന്റ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാം (എസ്ഇവിപി) സര്‍ട്ടിഫിക്കേഷന്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ റദ്ദാക്കിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെം സര്‍വകലാശാലയെ അറിയിച്ചു.

അക്രമം, യഹൂദ വിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഏകോപനം എന്നിവ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വളര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവും ക്രിസ്റ്റി എക്‌സില്‍ കുറിച്ചു. 'സര്‍വകലാശാലകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനും അവരുടെ ഉയര്‍ന്ന ഫീസിലൂടെ പ്രയോജനം നേടാനുമുള്ള ആനുകൂല്യമാണുള്ളത്, അത് അവകാശമല്ല. ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഹാര്‍വാര്‍ഡിന് ധാരാളം അവസരമുണ്ടായിരുന്നു. നിയമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയതിന്റെ ഫലമായി ഹാര്‍വാര്‍ഡിന്റെ സ്റ്റുഡന്റ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കി', അവര്‍ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും അക്കാദമിക സ്ഥാപനങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും ക്രിസ്റ്റി പറഞ്ഞു. എന്നാല്‍ ഹോംലാന്‍ഡ് സെക്രട്ടറിയുടെ നീക്കം നിയമ വിരുദ്ധമാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അപലപിച്ചു. 140ലധികം രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദേശ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഹാര്‍വാര്‍ഡ് വ്യക്തമാക്കി. നടപടിയില്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഹാര്‍വാര്‍ഡെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാഠ്യപദ്ധതി, അഡ്മിഷന്‍ നടപടികള്‍, നിയമന നയങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ മാസം സര്‍വകലാശാല നിയമനടപടി സ്വീകരിച്ചിരുന്നു.

നേരത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഹോംലാന്‍ഡ് സെക്രട്ടറി ഹാര്‍വാര്‍ഡിനോട് ആവശ്യപ്പെടുകയും സര്‍വകലാശാല സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ ക്യാമ്പസിലെ പ്രതിഷേധങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രാബല്യത്തില്‍ വന്നാല്‍ നൂറുകണക്കിന് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കും. ഓരോ വര്‍ഷവും 500 മുതല്‍ 800 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഹാര്‍വാര്‍ഡിന്റെ ഭാഗമാകുന്നുണ്ടെന്ന് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 788 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശലയില്‍ ചേര്‍ന്നിട്ടുള്ളത്.

ഏകദേശം 6800 ഓളം വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഡിഗ്രി പ്രോഗ്രാമിലേക്കാണ് പ്രവേശനം നേടിയിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് നടപടി ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2025-2026 അക്കാദമിക വര്‍ഷം മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ മറ്റ് സര്‍വകലാശാലകളിലേക്ക് പോകണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ താമസിക്കാനുള്ള അവരുടെ നിയമപരമായ അനുമതി ഇല്ലാതാകുമെന്നും ക്രിസ്റ്റി സൂചിപ്പിച്ചിട്ടുണ്ട്.

Content Highlights: Trump Administration banned enrollment of Foreign students in Haravard University

dot image
To advertise here,contact us
dot image