ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം; രണ്ടാം തവണയും സെഞ്ച്വറി നേടി ഒരു ടീമിലെ ആദ്യ മൂന്ന് താരങ്ങൾ

സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരാണ് രണ്ടാം തവണയും സെഞ്ച്വറി നേട്ടം കുറിച്ചത്

dot image

സിംബാബ്‍വെയ്ക്കെതിരായ നാല് ദിവസത്തെ ഏക ടെസ്റ്റ് പരമ്പരയിൽ ചരിത്ര നേട്ടം കുറിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു ടീമിലെ ആദ്യ മൂന്ന് താരങ്ങൾ രണ്ടാം തവണയും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. സിംബാബ്‍വെയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഓപണിങ് സഖ്യമായ സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ഒലി പോപ്പ് എന്നിവർ സെഞ്ച്വറി നേടി. മുമ്പ് 2022ൽ റാവൽപിണ്ടിയിൽ പാകിസ്താനെതിരെയും ഇതേ താരങ്ങൾ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. അന്ന് പാകിസ്താനെതിരെ സാക്ക് ക്രൗളി 122 റൺസും ബെൻ ഡക്കറ്റ് 107 റൺസും ഒലി പോപ്പ് 108 റൺസുമാണ് നേടിയത്.

സിംബാബ്‍വെയ്ക്കെതിരെ ഇന്നലെ ആരംഭിച്ച മത്സരത്തിൽ ഓപണർമാരായ സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ഇം​ഗ്ലീഷ് സംഘത്തിന് ശക്തമായ തുടക്കമാണ് നൽകിയത്. 171 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 124 റൺ‌സാണ് സാക്ക് ക്രൗളി അടിച്ചെടുത്തത്. 140 പന്തുകൾ നേരിട്ട് 20 ഫോറുകളും രണ്ട് സി​ക്സറുകളും സഹിതം 134 റൺസാണ് ബെൻ ഡക്കറ്റിന്റെ സംഭാവന. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 231 റൺസാണ് പിറന്നത്. ഒടുവിൽ ഡക്കറ്റിനെ പുറത്താക്കി വെസ്ലി മധേവെരെ സിംബാബ്‍വെയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

എന്നാൽ പിന്നാലെ വന്ന ഒലി പോപ്പും റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ സിംബാബ്‍വെയ്ക്കുമേൽ ഇം​ഗ്ലീഷ് ആധിപത്യം തുടരാൻ സഹായമായി. രണ്ടാം വിക്കറ്റിൽ ക്രൗളിയും ഒലി പോപ്പും ചേർന്ന് 137 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സിക്കന്ദർ റാസയാണ് ക്രൗളിയെ പുറത്താക്കി രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്.

അതിനിടെ 163 പന്തിൽ 24 ഫോറും രണ്ട് സിക്സറും സഹിതം 169 റൺസുമായി ഒലി പോപ്പ് കീഴടങ്ങാൻ കൂട്ടാക്കാതെ ക്രീസിൽ തുടരുകയാണ്. 44 പന്തിൽ മൂന്ന് ബൗണ്ടറികളടക്കം 34 റൺസ് നേടിയ ജോ റൂട്ടിന്റെതാണ് ആദ്യ ദിനം ഇം​ഗ്ലണ്ടിന് നഷ്ടപ്പെട്ട മറ്റൊരു വിക്കറ്റ്. ബ്ലെസിംഗ് മുസാറബനിയാണ് റൂട്ടിനെ വീഴത്തിയത്. റൂട്ടും പോപ്പും ചേർന്ന മൂന്നാം വിക്കറ്റിൽ 111 റൺസ് പിറന്നിരുന്നു. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ 18 പന്തിൽ ഒമ്പത് റൺസെടുത്ത ഹാരി ബ്രൂക്കാണ് പോപ്പിന് പിന്തുണയുമായി ക്രീസിലുള്ളത്.

മുൻ നിരയിലെ മൂന്ന് താരങ്ങളുടെ സെഞ്ച്വറി നേട്ടത്തിൽ സിംബാബ്‍വെയ്ക്കെതിരെ ഇം​ഗ്ലണ്ട് ടീം ശക്തമായ സ്കോറിലേക്ക് മുന്നേറുകയാണ്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 498 റൺസെന്ന വമ്പൻ ടോട്ടലിലേക്ക് ഇം​ഗ്ലണ്ട് ടീം എത്തിക്കഴിഞ്ഞു. രണ്ടാം ദിവസം പരമാവധി റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാവും ഇംഗ്ലണ്ട് ശ്രമം.

Content Highlights: First time ever in test cricket history top three scores hundreds twice

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us