ട്രംപിനെ വീണ്ടും തള്ളി ഇന്ത്യ; വെടിനിര്‍ത്തൽ നേരിട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയെന്ന് എസ് ജയശങ്കർ

'മെയ് പത്തിന് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്താന്‍ സൈന്യത്തിന്റെ സന്ദേശം ലഭിച്ചിരുന്നു'

dot image

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കയുടെ മധ്യസ്ഥത അവകാശവാദം വീണ്ടും തള്ളി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നടന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. മെയ് പത്തിന് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്താന്‍ സൈന്യത്തിന്റെ സന്ദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍ നടത്തിയതെന്നും ഒരു ഡച്ച് മാധ്യമത്തോട് പ്രതികരിക്കവെ ജയശങ്കര്‍ പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ലോക രാജ്യങ്ങള്‍ വിളിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താനും സംസാരിച്ചിരുന്നു. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ അവരും പാകിസ്താന്റെ ഭാഗത്തുനിന്ന് സംസാരിച്ചുവെന്നും ജയശങ്കര്‍ വിശദീകരിച്ചു.

പാകിസ്താനുമായി ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണിത് പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കണം. പാകിസ്താന്‍ തീവ്രവാദപരമായ നിലപാട് തുടരുകയാണ്. ഇന്ത്യയ്ക്ക് എന്നും പ്രശ്‌നക്കാരായ അയല്‍ക്കാരായിരുന്നു പാകിസ്താനും ചൈനയുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏപില്‍ 22നായിരുന്നു ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു ഇന്ത്യ പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ ഉള്‍പ്പെടെ 26പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. വെടിവെപ്പില്‍ കശ്മീര്‍ സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. സിന്ധു നദീതട കരാര്‍ റദ്ദാക്കുന്നതടക്കം ശക്തമായ നടപടികള്‍ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടി നല്‍കുകയും ചെയ്തു. മെയ് പത്തിനായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമേരിക്കയുടെ ഇടപെടലാണ് വെടിനിര്‍ത്തലിലേയ്ക്ക് നയിച്ചതെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എസ് ജയശങ്കര്‍ അടക്കം ട്രംപിന്റെ വാദം പല തവണ തള്ളിയെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യു എസ് പ്രസിഡന്റ്.

Content Highlights- External affairs minister s jaishankar rejected us president donald trump's claims of brokering peace between india and pakistan

dot image
To advertise here,contact us
dot image