പ്രധാനമന്ത്രിയെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ചുവെന്ന് ആരോപണം; കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്

ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വിനയ് പരാതി നല്‍കിയത്

dot image

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച് കാര്‍ട്ടൂണുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയില്‍ ഇന്‍ഡോറിൽ കാര്‍ട്ടൂണിസ്റ്റിനെതിരെ കേസ്. ഹേമന്ത് മാളവ്യ എന്ന കാര്‍ട്ടൂണിസ്റ്റിനെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. തന്റെ കാര്‍ട്ടൂണുകള്‍ ഭരണകൂടത്തെ ചോദ്യംചെയ്യുന്നതാണെന്നും അതുകൊണ്ടാണ് പൊലീസ് തന്നെ ലക്ഷ്യമിടുന്നതെന്നും ഹേമന്ത് മാളവ്യ പറഞ്ഞു. തന്നെ ഭരണകൂടം വേട്ടയാടുകയാണെന്നും ഹേമന്ത് ആരോപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് കാര്‍ട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്.

ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വിനയ് പരാതി നല്‍കിയത്. ഇന്‍ഡോറിലെ ലസൂഡിയ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇതാദ്യമായല്ല ഹേമന്ത് മാളവ്യക്കെതിരെ പൊലീസ് കേസെടുക്കുന്നത്. 2022-ല്‍ യോഗ ഗുരു ബാബാ രാംദേവിനെതിരെ കാര്‍ട്ടൂണുകള്‍ നിര്‍മ്മിച്ചതിന് ഉത്തരാഖണ്ഡ് പൊലീസ് ഹേമന്ത് മാളവ്യക്കെതിരെ കേസെടുത്തിരുന്നു. അതേവര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിന്റെ മരണത്തെ തുടര്‍ന്ന് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് ഇന്‍ഡോറിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Content Highlights: Case against cartoonist hemant malviya over derogatory cartoons against RSS and PM

dot image
To advertise here,contact us
dot image