Top

'അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നുണ്ടാവും'; പൊടിപൊടിക്കുന്ന ഇന്ത്യ, ചൈന, റഷ്യ എണ്ണ വ്യാപാരത്തിൽ യുഎസ്

23 Jun 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നുണ്ടാവും; പൊടിപൊടിക്കുന്ന ഇന്ത്യ, ചൈന, റഷ്യ എണ്ണ വ്യാപാരത്തിൽ യുഎസ്
X

ന്യൂഡൽഹി: ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും പുറത്തറിയുന്ന കണക്കുകളേക്കാള്‍ കൂടുതല്‍ എണ്ണ വാങ്ങുന്നുണ്ടാവാമെന്ന് യുഎസ്. ആഗോള എണ്ണ വിപണിയില്‍ വിതരണ പ്രതിസന്ധി കുറഞ്ഞതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതും സൂചിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ എകണോമിക് അഡൈ്വസറുടെ പരാമര്‍ശം.

' നിലവില്‍ എണ്ണ വിപണി ക്ഷണ നേരം കൊണ്ട് മാറാവുന്നതാണ്. ഇന്ത്യയും ചൈനയും റഷ്യന്‍ ക്രൂഡ് ഓയില്‍ നമ്മള്‍ വിശ്വസിക്കുന്നതിനേക്കാള്‍ വാങ്ങുന്നുണ്ടെന്നാണ് വിശദീകരണങ്ങളില്‍ നിന്നും ഞാന്‍ കേട്ടത്. അതിനാല്‍ വിപണിയില്‍ കൂടുതല്‍ എണ്ണയുണ്ട്,' ബൈഡന്റെ കൗണ്‍സില്‍ ഓഫ് എക്കണോമിക് അഡ്വെെർ ചെയര്‍പേഴ്‌സണായ സിസിലിയ റൗസ് പറഞ്ഞു. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അതേസമയം വിപണിയിലെ ദീര്‍ഘ കാല പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ടെന്നും റഷ്യന്‍-യുക്രെയ്ന്‍ യുദ്ധം ചൂണ്ടിക്കാട്ടി ഇവര്‍ പറയുന്നു.

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണ വിപണിക്ക് മേല്‍ വിലക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചൈനയും ഇന്ത്യയും റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്.

മെയ് മാസത്തില്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തത് റഷ്യയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്ന സൗദി അറേബ്യയെ റഷ്യ പിന്നിലാക്കി. 8.42 മില്യണ്‍ ടണ്‍ എണ്ണയാണ് മെയ് മാസം റഷ്യയില്‍ നിന്നും ചൈനയിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സൗദിയില്‍ നിന്നും 7.82 മില്യണ്‍ ടണ്ണും. കൊവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും മൂലം റഷ്യന്‍ എണ്ണ വിപണിയെ ചൈന കൂടുതലായി ആശ്രയിച്ചിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് റഷ്യ വലിയ ഇളവുകളും നല്‍കിയതും ചൈന-റഷ്യ എണ്ണ വ്യാപാരം ശക്തമാക്കി.

മെയ് മാസത്തിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ റഷ്യ മുൻപന്തിയിലുണ്ട്. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായി. അതേസമയം ഒന്നാം സ്ഥാനത്ത് ഇറാഖ് തന്നെയാണ്.

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകളോടെ എണ്ണ നല്‍കാന്‍ തീരുമാനിച്ചത്. 2021 നും 2022 ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 1 ശതമാനം മാത്രമായിരുന്നു റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി. എന്നാൽ 2022 ഏപ്രിലിൽ ഇത് അഞ്ച് ശതമാനമായി ഉയർന്നു. മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയിൽ നിന്ന്.

Story Highlight: china and India may be buying more Russian oil than known, says US

Next Story