Top

എതിര്‍ഭാഗത്ത് ശക്തരായ തമ്പാന്‍ തോമസ് കുടുംബം; 'അനുഭവിച്ച് നരകിച്ചു, എന്തും സംഭവിക്കാം'

''ഈ കുടുംബത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ വരുന്നത്''

23 Nov 2021 4:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എതിര്‍ഭാഗത്ത് ശക്തരായ തമ്പാന്‍ തോമസ് കുടുംബം; അനുഭവിച്ച് നരകിച്ചു, എന്തും സംഭവിക്കാം
X

സാധാരണക്കാരിയായ താന്‍ നീതിക്ക് വേണ്ടി പോരാടുന്നത് ശക്തരായ തമ്പാന്‍ തോമസ് കുടുംബത്തോടാണെന്ന് ആലുവയില്‍ ഗാര്‍ഹിക പീഡനത്തിനിരയായ യുവതി. തനിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലെന്നും സമൂഹത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമ്പന്നരായ വ്യക്തികളോടാണ് താന്‍ പോരാടുന്നതെന്നും യുവതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

യുവതി പറഞ്ഞത്: ''തമ്പാന്‍ തോമസ് എന്ന വ്യക്തിയാണ് എതിര്‍വശത്തുള്ളത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. ഇയാളുടെ സ്വന്തം മകന്റെ അനിയനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ വരുന്നത്. വളരെ ശക്തരാണ് അവര്‍.''

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് തന്നെ പോലെ സംസാരിക്കാന്‍ അവസരം ലഭിച്ചു കാണില്ലെന്നും ഇങ്ങനെ അനുഭവിച്ച് ജീവിക്കുന്നവര്‍ ഒരുപാടുണ്ടെന്നും യുവതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

യുവതി പറഞ്ഞത്: ''ഇന്ന് മോഫിയയുടെ പേരാണ് നിങ്ങള്‍ കേട്ടത്. നാളെ എന്റെ പേരും കേള്‍ക്കേണ്ടി വരും. വിധിയുള്ളത് കൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്. അധികം മുന്നോട്ട് പോകില്ല. ഇന്ന് അല്ലെങ്കില്‍ നാളെ ഞാന്‍ ജീവിതം അവസാനിപ്പിക്കും. അന്നെന്റെ പേര് വെളിപ്പെടും. ഞാന്‍ മരിക്കുമ്പോള്‍, ഈ പറയുന്നത് വൈറലാകും. നാളെ നിങ്ങള്‍ കേള്‍ക്കുന്ന എന്റെ മരണവാര്‍ത്തയായിരിക്കും. ഗതികേടാണ്. മരണം നേരിട്ട് കാണുകയാണ് ഞാന്‍. നാളെ മറ്റൊരാള്‍ എന്റെ ഈ അവസ്ഥ വരരുത്. ഇന്ന് മരിച്ച മോഫിയയ്ക്ക് എന്നെ പോലെ സംസാരിക്കാന്‍ അവസരം ലഭിച്ചു കാണില്ല. എന്നെ പോലെ അനുഭവിച്ച് നരകിച്ച് ജീവിക്കുന്നവര്‍ ഒരുപാടുണ്ട്.''

ആലുവ സിഐ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളും എഡിറ്റേഴ്‌സ് അവറില്‍ യുവതി ഉന്നയിച്ചു. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സിഐ തന്റെ ജീവിതം നശിപ്പിച്ചതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് സുധീറെന്നും യുവതി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

യുവതി പറഞ്ഞത്: ''സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ല. പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യും. ആലുവ സ്റ്റേഷനിലെത്തിയ എന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ല. ആലുവയില്‍ അറിയപ്പെടുന്ന തറവാട്ടിലെ അംഗമാണ് എന്റെ ഭര്‍ത്താവ്. എന്റെ പരാതി തേച്ചുമായ്ച്ച് കളയാന്‍ 50000 രൂപയാണ് അവരില്‍ നിന്ന് സിഐ വാങ്ങിയത്. ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു.''

''എന്നെ മാനസികരോഗിയാക്കിയാണ് സുധീര്‍ ചിത്രീകരിച്ചത്. എന്നെ ഒഴിവാക്കി ജീവിക്കാനാണ് ഭര്‍ത്താവിനോട് സുധീര്‍ ആവശ്യപ്പെട്ടത്. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സുധീര്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ചത്. അത് വാങ്ങിയതും അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്ക് വേണ്ടിയല്ലേ. പെരുവഴിയിലാണ് ഞാനിപ്പോഴും. ഭക്ഷണം പോലും കഴിക്കാന്‍ പണമില്ല. നീതി വേണമെങ്കിലും പണം വേണം. ഇതാണ് ഇന്നത്തെ കേരള പൊലീസ്. ഇവിടെ ഗതികേട് കൊണ്ടാണ് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. അവിടെയും മോശം അനുഭവം നേരിട്ടാല്‍ എന്ത് ചെയ്യും. പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിഞ്ഞിട്ടാണ് സിഐ വൃത്തിക്കെട്ട കളി കളിച്ചത്. എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്. നീതിക്ക് വേണ്ടിയാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും നീതി ലഭിച്ചില്ല, ഗതികേട് കൊണ്ടാണ് പൊലീസില്‍ പോകുന്നത്. അപ്പോള്‍ അവര്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന് കരുതി ആശ്വസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. പണം നോക്കിയാണ് കേസെടുക്കുന്നത്.''


Next Story