Top

ഒന്നും മിണ്ടരുതെന്നാണ് കരുതിയതെന്ന് ഇന്ദ്രന്‍സ്; 'അവാര്‍ഡിന് യോഗ്യതയില്ലാത്ത സിനിമയല്ല 'ഹോം'

28 May 2022 3:28 PM GMT
ഫിൽമി റിപ്പോർട്ടർ

ഒന്നും മിണ്ടരുതെന്നാണ് കരുതിയതെന്ന് ഇന്ദ്രന്‍സ്;    അവാര്‍ഡിന് യോഗ്യതയില്ലാത്ത സിനിമയല്ല ഹോം
X

സംസ്ഥാന അവാര്‍ഡ് വിവാദത്തില്‍ 'ഹോം' ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ഇന്ദ്രന്‍സ്. എന്ത്‌കൊണ്ട് സിനിമയെ അവഗണിച്ചെന്ന ചോദ്യം വന്നപ്പോള്‍ അവര്‍ കണ്ടു കാണില്ലെന്ന് പറഞ്ഞതാണെന്നും സിനിമ അത്രയും മോശമല്ലെന്ന് തോന്നിയത് കൊണ്ടാണാണ് അങ്ങനെ പ്രതികരിച്ചതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. വിവാദങ്ങളില്‍ പ്രതികരിക്കരുതെന്ന് കരുതിയതാണെന്നും എല്ലാവരും പ്രതീക്ഷിച്ചു എന്നു പറഞ്ഞതുകൊണ്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

ഇന്ദ്രന്‍സ് പറഞ്ഞത്

എല്ലാവരും സിനിമയെ അഭിനന്ദിച്ചപ്പോഴും ഇവിടെ എന്തുകൊണ്ട് അവഗണിച്ചെന്ന് ചോദിച്ചപ്പോള്‍ അവര്‍ സിനിമ കാണാത്തത് കൊണ്ടാണെന്ന് പറഞ്ഞു. ഒരു പക്ഷേ കാണാന്‍ ഒരുപാട് സിനിമകള്‍ ഉള്ളതല്ലേ ചിലപ്പോള്‍ കാണാന്‍ പറ്റിയില്ലായിരിക്കും, എന്നാണ് പറഞ്ഞത്്. ആ സിനിമയെ പാടെ ഒഴിവാക്കിയപ്പോള്‍ അത്ര മോശം സിനിമയല്ലെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. അങ്ങനെയൊക്കെ തോന്നാവുന്ന സാഹചര്യമല്ലേ. സംശയിക്കാമല്ലോ. വിജയ് ബാബുവിന്റെ വിഷയം ബാധിച്ചുവെന്നത് എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും തോന്നുന്ന വിഷയമാണ്. എല്ലാ കലാകാരന്മാരെയും സിനിമയെയും ബാധിച്ചിട്ടുണ്ടോയെന്ന് പരക്കെ ചോദിച്ചപ്പോള്‍ തോന്നിയ സംശയമാണ്. 'ഹൃദയ'ത്തോട് ചേര്‍ത്ത് ഹോം കൂടി വയ്ക്കാമായിരുന്നു. ഒന്നും കൊടുക്കാന്‍ യോഗ്യതയില്ലാത്ത സിനിമയല്ല ഹോം. ഒന്നും മിണ്ടരുതെന്നാണ് കരുതിയിരുന്നത്. എല്ലാവരും പ്രതീക്ഷിച്ചു എന്നു പറഞ്ഞത് കൊണ്ടാണ് പറഞ്ഞത്.

ചിലപ്പോള്‍ സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല അതുമൂലമാകാം പുരസ്‌കാരം ലഭിക്കാതിരുന്നത് എന്നായിരുന്നു ജുറിക്കെതിരെയുള്ള ഇന്ദ്രന്‍സിന്റെ വിമര്‍ശം. 'ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതില്‍ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാന്‍ അവസരം ഉണ്ടാക്കി കാണില്ല', ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

Story Highlights; Indrans says Home movie deserves the state award

Next Story