പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്

dot image

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്.
വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമർശം. ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.

അതേസമയം ശശികല നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നാണ് വേടൻ പറഞ്ഞത്. താന്‍ റാപ്പ് പാടുമെന്നും പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് വേടൻ എന്നും തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും വേടന്‍ കൂട്ടിചേർത്തു. ഇതിനിടെയാണ് പാലക്കാട് നഗരസഭയിലെ BJP കൗൺസിലർ മിനി കൃഷ്ണകുമാർ ഇപ്പോൾ വേടനെതിരെ എൻഐഎയ്ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

Content Highlights: BJP councilor files complaint with NIA against rapper's hunter

dot image
To advertise here,contact us
dot image