അപൂർവ്വ ചരിത്രവുമായി മാർഷ് ബ്രദേഴ്സ്; ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന സഹോദരന്മാർ

സെഞ്ച്വറി നേട്ടം സ്വന്തമാക്കാൻ ഐപിഎൽ കരിയർ തുടങ്ങി 15 വർഷം മിച്ചൽ മാർഷിന് കാത്തിരിക്കേണ്ടി വന്നു

dot image

ഐപിഎല്ലിൽ അപൂർവ്വ ചരിത്രവുമായി മാർഷ് സഹോദരന്മാർ. ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി സെഞ്ച്വറി നേടുന്ന സഹോദരന്മാരായി ഷോൺ മാർഷും മിച്ചൽ മാർഷും. ഐപിഎല്ലിന്റെ ആദ്യ പതിപ്പിലായിരുന്നു ഷോൺ മാർഷിന്റെ സെഞ്ച്വറി. അനിയൻ മിച്ചൽ മാർഷിന്റെ സെഞ്ച്വറിക്ക് 18-ാം പതിപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഇന്നലെ ​ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു മിച്ചൽ മാർഷ് ഐപിഎൽ കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. 64 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 117 റൺസാണ് മിച്ചൽ മാർഷ് അടിച്ചെടുത്തത്.

2008ലെ ഐപിഎല്ലിന്റെ ആദ്യ പതിപ്പിൽ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു ഷോൺ മാർഷ് സെഞ്ച്വറി നേടിയത്. അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്) താരമായിരുന്നു ഷോൺ മാർഷ്. 69 പന്തിൽ 11 ഫോറുകളും ഏഴ് സിക്സറുകളും സഹിതം 115 റൺസ് നേടിയ ഷോൺ മാർഷിന്റെ ബലത്തിൽ പഞ്ചാബ് കിങ്സ് അന്ന് 41 റൺസിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. ആദ്യ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരവും ഷോൺ മാർഷ് ആയിരുന്നു. 616 റൺസാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നിന്നെത്തിയ ഇടംകയ്യൻ ബാറ്റർ ആദ്യ ഐപിഎല്ലിൽ അടിച്ചെടുത്തത്.

സെഞ്ച്വറി നേട്ടം സ്വന്തമാക്കാൻ ഐപിഎൽ കരിയർ തുടങ്ങി 15 വർഷം മിച്ചൽ മാർഷിന് കാത്തിരിക്കേണ്ടി വന്നു. ആദ്യ സെഞ്ച്വറിക്കായി കൂടുതൽ കാലം കളിക്കേണ്ടി ഐപിഎൽ കളിക്കേണ്ടി വന്നുവെന്ന റെക്കോർഡും മാർഷിന്റെ പേരിലായി. മുമ്പ് ഡെക്കാൻ ചാർജേഴ്സ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകളിലും മിച്ചൽ മാർഷ് കളിച്ചിട്ടുണ്ട്. ലഖ്നൗവിനായി സീസണിൽ മാർഷ് ഇതുവരെ 12 മത്സരങ്ങൾ കളിച്ചു. എന്നാൽ മറ്റ് ടീമുകൾക്കായി മാർഷിന് കളിക്കാൻ കഴിഞ്ഞത് ആകെ 42 മത്സരങ്ങൾ മാത്രമാണ്. ചേട്ടൻ ഷോൺ മാർഷ് ഇടംകയ്യൻ ബാറ്ററാണെങ്കിൽ മിച്ചൽ മാർഷ് വലംകയ്യൻ ബാറ്ററും മീഡിയം പേസ് ബൗളറുമാണ്.

മുമ്പും സഹോദരന്മാർ ഐപിഎൽ കളിച്ചിട്ടുണ്ട്. മൈക്ക് ഹസ്സി-ഡേവിഡ് ഹസ്സി, യൂസഫ് പഠാൻ-ഇർഫാൻ പഠാൻ, ബ്രണ്ടൻ മക്കല്ലം-നഥാൻ മക്കല്ലം, ടോം കരൺ-സാം കരൺ, മോൺ മോർക്കൽ-ആൽബി മോർക്കൽ, ദീപക് ചഹർ-രാഹുൽ ചഹർ (കസിൻസ്), മാർകോ യാൻസൻ-ഡ്വെയ്‌ന്‍ യാന്‍സൻ (ഇരട്ട സഹോദരങ്ങൾ) എന്നിവരാണ് മുമ്പ് ഐപിഎൽ കളിച്ച സഹോദരങ്ങൾ.

Content Highlights: Mitchell Marsh Creates History With Brother Shaun

dot image
To advertise here,contact us
dot image