സഹകരണ മേഖലയിലെ ആർബിഐ നിയന്ത്രണം; കേരളം സുപ്രിം കോടതിയിലേക്ക്
കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ നിയോഗിക്കാനും ചർച്ചയില്‍ ധാരണയായി
24 Nov 2021 2:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹകരണ മേഖലയിലെ ആർബിഐ നിയന്ത്രണങ്ങൾക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തുടർ നടപടികളുടെ ചുമതല തുടർ നടപടികൾക്ക് ധന- സഹകരണ മന്ത്രിമാരായ കെ എൻ ബാലഗോപാലിനും വി എൻ വാസവനും നൽകി. തീരുമാനം സംബന്ധിച്ച് എജിയോട് നിയമോപദേശം തേടും.
കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ നിയോഗിക്കാനും ചർച്ചയില്‍ ധാരണയായിട്ടുണ്ട്. ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നുമാണ് ആർബിഐയുടെ പുതിയ സർക്കുലർ നിർദേശിക്കുന്നത്. ഈ നീക്കം 1,625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ല്‍ അധികം സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.
നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം ആർബിഐ പുനർപരിശോധിക്കണമെന്ന് മന്ത്രി വി എൻ വാസവന്‍ ആവശ്യപ്പെട്ടു. ആർബിഐ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ സഹകരണ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകും. സഹകരണ സ്ഥാപനങ്ങളെ കേന്ദ്രസർക്കാരിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും മന്ത്രി വി എൻ വാസവൻ ആരോപിച്ചു. കേരളത്തിലെ സഹകരണ മേഖല സേവനത്തിന് മുൻതൂക്കം നൽകുന്നതാണ്. ഗ്രാമീണമേഖലയിലെ വികസനത്തിന് സഹകരണ സ്ഥാപനങ്ങൾ നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആർ ബി ഐ ഉത്തരവിനെതിരെ മറ്റ് സംസ്ഥാന സർക്കാരുകളുമായി സമവായം ഉണ്ടാക്കി പ്രതിരോധം തീർക്കാനാണ് സർക്കാർ തീരുമാനം.