കേരളത്തില്‍ ഗാന്ധിയെക്കാള്‍ വലിയ രാഷ്ട്ര ബിംബം പിണറായി വിജയനാണെന്ന് പൊലീസ് തെളിയിച്ചു; വിജിൽ മോഹൻ

കണ്ണൂരില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്ത കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടിയിലായിരുന്നു വിജിൽ മോഹൻ്റെ പ്രതികരണം

dot image

കണ്ണൂര്‍: മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ആര്‍ സനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്ത കേസിലാണ് പോലീസ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്നും സനീഷിന് ജാമ്യം ലഭിച്ചു.

നേരത്തെ അടുവാപ്പുറത്ത് സനീഷിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാ ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്തൂപം തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പദയാത്രയിലാണ് സിപിഐഎം - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ഇന്ന് സ്തൂപം ഉണ്ടാക്കിയ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ വിളിച്ചു വരുത്തിയാണ് പൊലീസ് സനീഷിനെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഗാന്ധിയെക്കാള്‍ വലിയ രാഷ്ട്ര ബിംബം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പൊലീസ് തെളിയിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പ്രതികരിച്ചു. ഗാന്ധി സ്തൂപം തകര്‍ത്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും, പിണറായി വിജയന്റെ ഫ്ളക്സ് തകര്‍ത്താല്‍ ജാമ്യമില്ലാ വകുപ്പും ചുമത്തുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയിലും സമ്മേളനത്തിലുമായിരുന്നു സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. പിന്നാലെ ജില്ലയില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയര്‍ന്നിരുന്നു.

എസ്എഫ്‌ഐ നേതാവ് ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ലെന്നും അത് വീണ്ടും പ്രയോഗിക്കുമെന്ന തരത്തിലുള്ള ഭീഷണി മുദ്രാവാക്യം യൂത്ത് കോണ്‍ഗ്രസ് മുഴക്കിയിരുന്നു. മലപ്പട്ടത്ത് ഇനിയും ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ മെനക്കെടണ്ട എന്ന് സിപിഐഎം നേതാവ് പി വി ഗോപിനാഥും ഭീഷണി മുഴക്കിയിരുന്നു.

Content Highlights: Police arrest Youth Congress leader Saneesh in Kannur Malappattam

dot image
To advertise here,contact us
dot image