Top

'20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റില്‍, സീറ്റ് ബെല്‍റ്റ് ധരിച്ചില്ല'; മിസ്ത്രിയുടെ മരണത്തിന്റെ കാരണങ്ങള്‍ പറഞ്ഞ് പൊലീസ്

കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു

5 Sep 2022 3:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റില്‍, സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മിസ്ത്രിയുടെ മരണത്തിന്റെ കാരണങ്ങള്‍ പറഞ്ഞ് പൊലീസ്
X

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മിസ്ത്രി സഞ്ചരിച്ച കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റിലാണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച സൈറസ് മിസ്ത്രിയും മരിച്ച ജെഹാംഗീര്‍ പണ്ടോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കാറിന് പിറകിലെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ സൈറസ് മിസ്ത്രിയും ജെഹാംഗീര്‍ പണ്ടോളെയും കാറിന്റെ പിന്‍ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. മിസ്ത്രിയുടെ സുഹൃത്തായ ഡോക്ടര്‍ അനഹിത പണ്ടോളെയാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും മുന്‍സീറ്റിലായിരുന്നു. പരുക്കേറ്റ ഇരുവരും വാപിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാല്‍ഘര്‍ ചാരോട്ടിയില്‍ വച്ചായിരുന്നു സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സൂര്യാ നദിക്ക് മുകളിലുള്ള പാലത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ തെറ്റായ ദിശയിലൂടെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

STORY HIGHLIGHTS: Cyrus Mistry was not wearing seat belt; car covered 20km in 9 minutes Says Police

Next Story