കനിമൊഴിയും എ രാജയും അടക്കം ഏഴ് സോണല്‍ ഇന്‍ചാര്‍ജുമാര്‍; മുമ്പേ എറിഞ്ഞ് ഡിഎംകെ, ലക്ഷ്യം 200 സീറ്റ്

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും എംപിമാരുമായ എ രാജ, കനിമൊഴി എന്നിവര്‍ക്കാണ് ചെന്നൈയുടെയും ദക്ഷിണ മേഖലയുടെയും ചുമതല

dot image

ചെന്നൈ: 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഏഴ് സോണല്‍ ഇന്‍ ചാര്‍ജുമാരെ നിയമിച്ച് ഡിഎംകെ. തിരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് മാത്രം നിയമിക്കുന്ന സോണല്‍ ഇന്‍ചാര്‍ജുമാരെ നേരത്തെ നിയമിച്ചതിലൂടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുകയാണ് ഡിഎംകെ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് 2024 ഡിസംബറില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാണെന്നും ഡിഎംകെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും എംപിമാരുമായ എ രാജ, കനിമൊഴി എന്നിവര്‍ക്കാണ് ചെന്നൈയുടെയും ദക്ഷിണ മേഖലയുടേയും ചുമതല. മന്ത്രിമാരായ കെ എന്‍ നെഹ്‌റു, ഇ വി വേലു എന്നിവർക്ക് മധ്യ, ഉത്തര മേഖലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. മധുര മേഖല, ഈറോഡ്, സേലം, നാമക്കല്‍ ജില്ലകളുടെ ചുമതല മന്ത്രിമാരായ തങ്കം തേനരസു, ആര്‍ സക്കരപാണി എന്നിവര്‍ക്ക് നല്‍കി. കോയമ്പത്തൂര്‍, തിരുപ്പൂർ, കരൂര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലയുടെ ചുമതല സെന്തില്‍ ബാലാജിക്കാണ്.

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന പശ്ചാത്തലം ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ 2026 ലെ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് ഡിഎംകെ സമീപിക്കുന്നത്. 234 സീറ്റില്‍ 200 സീറ്റ് ലക്ഷ്യം വെച്ചാണ് ഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. വിവിധ മേഖലകളുടെ ചുമതലകള്‍ നല്‍കുന്നത് വഴി പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ പിണക്കങ്ങളും അവസാനിപ്പിക്കാമെന്ന് ഡിഎംകെ കരുതുന്നു.

പ്രചാരണ തന്ത്രങ്ങള്‍ സുഗമമാക്കുന്നതിനായി ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനായി കനിമൊഴി എംപി ബൂത്ത് തലത്തിലുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് വിവരം. സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ക്ക് താഴെത്തട്ടില്‍ ശക്തമായ പ്രചാരണം നല്‍കുന്നതായിരിക്കും ആദ്യഘട്ട പ്രവര്‍ത്തനം. ഉപമുഖ്യമന്ത്രിയും യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിനാണ് തിരഞ്ഞെടുപ്പ് സെല്ലിന് നേതൃത്വം നല്‍കുന്നത്.

Content Highlights: Tamil Nadu election 2026 dmk appointed 7 zonal managers including kanimozhi and a raja

dot image
To advertise here,contact us
dot image