
ഐപിഎല്ലിൽ ഇന്ന് മുതൽ പ്ലേ ഓഫ് വരെ, മഴ തടസപ്പെടുത്തിയാൽ മത്സരം നടത്താനായി അധിക സമയം കാത്തിരിക്കാൻ ബിസിസിഐ തീരുമാനം. പ്ലേ ഓഫ് മത്സരങ്ങൾക്ക് നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ട്. സാധാരണയായി ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കുന്ന മത്സരങ്ങൾ മഴ തടസപ്പെടുത്തിയാൽ പരമാവധി കാത്തിരിക്കുക 10.50 വരെയായിരുന്നു. ഇനിമുതൽ 11.56 വരെ മത്സരം കുറഞ്ഞത് അഞ്ച് ഓവറായെങ്കിലും നടത്താൻ കഴിയുമോയെന്ന് നോക്കും. ഇതിൽ 20 ഓവറായി മത്സരം നടത്താൻ കാത്തിരിക്കുക 9.30 വരെയാണ്.
ഉച്ചയ്ക്കുശേഷം 3.30ന് ആരംഭിക്കുന്ന മത്സരങ്ങളിൽ 6.50 വരെയായിരുന്നു നേരത്തെ കാത്തിരുന്നത്. കുറഞ്ഞത് അഞ്ച് ഓവർ മത്സരം നടത്താൻ 7.56 വരെ കാത്തിരിക്കും. 5.30 വരെയാണ് ഓവറുകൾ ചുരുക്കാതെ മത്സരം തുടങ്ങാനുള്ള സമയം. ഐപിഎല്ലിൽ 12 മത്സരങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ നിയമത്തിന്റെ പ്രഖ്യാപനം.
അതിനിടെ ബിസിസിഐ നിയമത്തിൽ എതിർപ്പ് അറിയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സി ഇ ഒ വെങ്കി മൈസൂർ രംഗത്തെത്തി. 'ഇത്തരം നിയമങ്ങൾ ആവശ്യമാണ്. എങ്കിലും നിയമം നടപ്പിലാക്കുന്നതിൽ കൂടുതൽ ആലോചന വേണമായിരുന്നു. ഒരാഴ്ച നിർത്തിവെച്ചതിന് ശേഷം ഐപിഎൽ പുനരാരംഭിച്ചപ്പോൾ മെയ് 17ന് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം തടസപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരമൊരു നിയമമുണ്ടായിരുന്നെങ്കിൽ ആ മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു. ആ മത്സരം പൂർണമായി ഉപേക്ഷിച്ചത് കൊൽക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടിയായി. ബിസിസിഐയുടെ പുതിയ നിയമത്തിൽ ഞങ്ങള്‍ എതിർപ്പ് അറിയിക്കുന്നതിന്‍റെ കാരണം ഇതാണ്, അത് മനസിലാക്കണം,' വെങ്കി മൈസൂർ ബിസിസിഐക്ക് അയച്ച കത്തിൽ പ്രതികരിച്ചു.
ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനും മഴ ഭീഷണിയുണ്ട്. മുംബൈയിൽ ഈ ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഡൽഹി-മുംബൈ മത്സരത്തിന് മുമ്പായി ഇന്നലെ നടക്കേണ്ടിയിരുന്നു ഇരുടീമുകളുടെയും പരിശീലനം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഐപിഎൽ സീസണിൽ പ്ലേ ഓഫിലെ നാലാമത്തെ ടീമാകാനുള്ള മത്സരം മുംബൈയും ഡൽഹിയും തമ്മിലാണ്. 12 മത്സരങ്ങൾ പിന്നിടുന്ന മുംബൈ ഏഴ് വിജയങ്ങൾ ഉൾപ്പെടെ 14 പോയിന്റ് നേടിയിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടിയ ഡൽഹി 13 പോയിന്‍റാണ് നേടിയിരിക്കുന്നത്.
Content Highlights: Remaining IPL 2025 league games to have extra 120 minutes for rain interruptions