
ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലും മിന്നും പ്രകടനമാണ് 14കാരന്‍ വൈഭവ് സൂര്യവംശി നടത്തിയത്. 33 പന്തിൽ നാല് സിക്‌സും നാല് ഫോറും അടക്കം 57 റൺസ് നേടിയ വൈഭവ് തന്നെയായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറർ. അതേസമയം പതിവില്‍ നിന്ന് വ്യത്യസ്തമായി പവര്‍ പ്ലേയില്‍ കണ്ണും പൂട്ടി അടിക്കാന്‍ ശ്രമിക്കാതെ പക്വതയുള്ള ഷോട്ടുകൾ കളിച്ചാണ് താരം റൺസ് ഉയർത്തിയത്.
ഒടുവിൽ അശ്വിന്റെ പന്തിലാണ് വൈഭവ് പുറത്തായത്. മത്സരത്തിനൊടുവില്‍ കളിക്കാര്‍ പതിവ് ഹസ്തദാനം നടത്തുമ്പോള്‍ ചെന്നൈ നായകന് അരികിലെത്തിയ വൈഭവ് ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടിയത് വ്യത്യസ്തമായ കാഴ്ചയായി.
Vaibhav Suryavanshi touching the feet of MS Dhoni after the match. ❤️ pic.twitter.com/By54M5kGBE
— Mufaddal Vohra (@mufaddal_vohra) May 20, 2025
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി.
സീസണിൽ ഏഴ് മത്സരങ്ങൾ മാത്രം കളിച്ച വൈഭവ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 206 സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ റെക്കോർഡ് സെഞ്ച്വറിയിലാണ് വൈഭവ് സൂര്യവംശി തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്.
ഐപിഎല്ലിന്റെ ആദ്യ പതിപ്പിന്‍റെ സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് അന്ന് മാറ്റിയെഴുതിയത്. ട്വന്റി 20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങിയ റെക്കോർഡുകളാണ് കൗമാരക്കാരൻ ഈ സീസണിൽ സ്വന്തം പേരിലാക്കിയത്.
Content Highlights: vaibhav suryavanshi touching ms dhoni's feet