5000 കിമീ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കും, ദൂരപരിധി ഉയര്‍ത്തുകയും ചെയ്യാം; അഗ്നി-5 നൈറ്റ് ട്രയല്‍ വിജയകരം
5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ള മിസൈലിന്റെ പരീക്ഷണം ഒഡീഷയില്‍ വെച്ചാണ് നടന്നത്
15 Dec 2022 4:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ള മിസൈലിന്റെ പരീക്ഷണം ഒഡീഷയില്‍ വെച്ചാണ് നടന്നത്. വൈകിട്ട് 5.30 യോടെയായിരുന്നു പരീക്ഷണം. ഒരു മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടന്നത്.
മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ട്രയല്‍ നടത്തിയത്. അഗ്നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി-5. മുന്‍ പതിപ്പുകളേക്കാള്‍ ഭാരം കുറവാണിതിന് എന്നതാണ് മറ്റൊരു പ്രത്യേകത. ആവശ്യമെങ്കില്‍ അഗ്നി 5 മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്ന് പ്രതിരോധ മേഖലയിലുള്ളവര്‍ പറയുന്നു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി-2, 2500 കിമീ പരിധിയുള്ള അഗ്നി-3, 3500 കിമീ പരിധിയുള്ള അഗ്നി-4 എന്നിവയാണ് ഈ ശ്രേണിയിലെ മുന്‍ഗാമികള്‍.
Story Highlights: Agni-5 night trial successful
- TAGS:
- Agni-5
- Odisha
- Trial
- India Missile