
പ്രൊട്ടീൻ, കാലറി, കാർബ്, വിറ്റാമിൻ ശരീരത്തിലെ ഇതിന്റെയൊന്നും അളവ് തിട്ടപ്പെടുത്താതിരുന്ന കാലത്തും ഇവിടെ ആളുകൾ ജീവിച്ചിരുന്നല്ലോ.. എന്ന പഴമക്കാരുടെ ചോദ്യം കേട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്നത്തെ കാലത്ത് ആരോഗ്യത്തെപ്പറ്റി വേവലാതിപ്പെടുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്‌റ്റോ, കുറിപ്പോ കാണാതെ ദിവസം കടന്ന് പോകില്ല. എന്തെല്ലാം കഴിക്കാം, കഴിക്കാൻ പാടില്ല, എത്രയളവിൽ കഴിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണാം.
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് പ്രൊട്ടീൻ അത്യാവശ്യമാണ്. കലകൾ നിർമ്മിക്കുന്നതിനും ഊർജം പകരുന്നതിനും പ്രൊട്ടീൻ സഹായിക്കുന്നു. കൂടാതെ പേശികളുടെ ദൃഢത, ഹോർമോൺ ഉൽപാദനം, രോഗ പ്രതിരോധശേഷി തുടങ്ങിയ നിർണായകമായ ശാരീരിക പ്രവർത്തനങ്ങളിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇന്ത്യൻ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രൊട്ടീൻ ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. താരതമ്യേന പുരുഷന്മാരെക്കാൾ 13% പ്രൊട്ടീൻ സ്ത്രീകൾക്ക് അധികമായി ആവശ്യമുണ്ട്. എന്നാൽ ഇന്ത്യയിൽ 70 മുതൽ 80 ശതമാനം വരെ സത്രീകളിൽ ഈ അളവിലുള്ള പ്രൊട്ടീനിന്റെ വ്യക്തമായ കുറവ് കണ്ടെത്തിയിട്ടുള്ളതായി കണക്കുകൾ പറയുന്നു.
എന്തുകൊണ്ട്?
ആർത്തവത്തിന്റെ വിരാമത്തിന് മുൻപുള്ള ഘട്ടമാണ് പെരിമെനോപോസ്, ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രത്യുൽപ്പാദന സാധ്യതകൾ അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ്. ഈ സമയത്ത് ഹോർമോണുകളുടെ ഉൽപ്പാദനത്തിൽ കാര്യമായ വ്യത്യാസമുണ്ടാകും. മാനസികമായ ബുദ്ധിമുട്ടുകൾ, കൃത്യമല്ലാത്ത ആർത്തവം, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകുന്നു.
ഈ മാറ്റങ്ങൾ പോഷകാഹാരത്തിന്റെ ആവശ്യകതയിലും മാറ്റങ്ങൾ വരുത്തുന്നു. ആരോഗ്യം നിലനിർത്തുന്നതിനും, പിന്നീട് രോഗങ്ങൾ പിടിപെടുന്നത് കുറയാനുമെല്ലാം ശരീരത്തിന് പ്രത്യേക പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ഈ കാലയളവിൽ കൂടുതൽ പോഷകം ആവശ്യമായിരിക്കും. ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതായി പഠനങ്ങൾ പറയുന്നു. സന്തുലിതമായ ആരോഗ്യസ്ഥിതിക്ക് അവർ പ്രാധാന്യം നൽകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പ്രൊട്ടീൻ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കുകയും, പേശികൾ ദൃഢമാക്കുകയും ചെയ്യാറുണ്ടെന്നും, പ്രൊട്ടീൻ ഒരു അത്ഭുത പോഷകമാണെന്നും ആളുകൾക്ക് തെറ്റിദ്ധാരണയുണ്ട്.
എന്നാൽ പ്രൊട്ടീൻ കാർബോഹൈഡ്രേറ്റും ഫാറ്റും പോലെ ഒരു സാധാരണ മാക്രോന്യൂട്രിയെന്റ് ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പേശികൾ ശക്തമാക്കുന്നതിനും, എൻസൈം, ഹോർമോണുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രൊട്ടീൻ വലിയ പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ നിന്നല്ലാതെ സപ്ലിമെന്റുകളിലൂടെ ശരീരത്തിലേക്ക് അമിത അളവിൽ പ്രൊട്ടീൻ എത്തിക്കുന്ന രീതിയുണ്ട്. ഇത് ശരീരത്തിന് അത്ര ഗുണകരമല്ല.
Content Highlight; Do Women Require More Protein in Their Late 30s and Early 40s?