
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. മത്സരം പരാജയപ്പെട്ടെങ്കിലും ചില നല്ല കാര്യങ്ങൾ സംഭവിച്ചുവെന്നാണ് ഗില്ലിന്റെ വാക്കുകൾ. 'ബൗളിങ് ഞങ്ങൾ 15-20 റൺസ് അധികം വിട്ടുനൽകി. പരമാവധി 210 റൺസിൽ ലഖ്നൗവിനെ പിടിച്ചുനിർത്തേണ്ടതുണ്ടായിരുന്നു. 210ന് 230നും ഇടയിൽ വലിയ വ്യത്യാസമുണ്ട്. പവർപ്ലേയിൽ ഗുജറാത്ത് താരങ്ങൾ നന്നായി പന്തെറിഞ്ഞുവെങ്കിലും വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. അതിനാൽ 14 ഓവറിൽ ലഖ്നൗ 180 റൺസിലെത്തി. അത് വലിയ സ്കോറാണ്.' ശുഭ്മൻ ഗിൽ മത്സരശേഷം പ്രതികരിച്ചു.
'ചില നല്ല കാര്യങ്ങളും മത്സരത്തിൽ സംഭവിച്ചു. 17-ാമത്തെ ഓവർ വരെ ഗുജറാത്ത് ടൈറ്റൻസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും 240 റൺസ് പിന്തുടർന്ന് വിജയിക്കുക എളുപ്പമല്ല. ഷെർഫെയ്ൻ റൂഥർഫോർഡും ഷാരൂഖ് ഖാനും നന്നായി കളിച്ചത് വലിയ കാര്യമാണ്. വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം. പ്ലേ ഓഫിന് മുമ്പ് അത് സംഭവിക്കുമെന്ന് തന്നെയാണ് വിശ്വാസം.' ഗിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന്റെ വിജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. 117 റൺസെടുത്ത മിച്ചൽ മാർഷിന്റെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്തിന് 202 റൺസെടുക്കാനെ സാധിച്ചുള്ളു. 57 റൺസെടുത്ത ഷാരൂഖ് ഖാന്റെയും 38 റൺസെടുത്ത ഷെഫ്രെയൻ റൂഥർഫോർഡിന്റെയും പ്രകടനം ഗുജറാത്തിന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാന ഏഴ് വിക്കറ്റുകൾ 20 റൺസിനിടെ നഷ്ടമായതാണ് ഗുജറാത്തിന്റെ പരാജയത്തിന് കാരണമായത്.
Content Highlights: GT captain Shubman Gill talks about the possitives In spite of the loss against LSG