Top

'പോക്‌സോ കേസിലെ പ്രതിയായ സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്യണം'; വെള്ളിയാഴ്ച സ്‌കൂളിലേക്ക് എംഎസ്എഫ് മാര്‍ച്ച്

12 May 2022 3:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോക്‌സോ കേസിലെ പ്രതിയായ സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്യണം; വെള്ളിയാഴ്ച സ്‌കൂളിലേക്ക് എംഎസ്എഫ് മാര്‍ച്ച്
X

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനും സിപിഐഎം നേതാവുമായിരുന്ന കെവി ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ച് എംഎസ്എഫ്. ഇത് പ്രകാരം ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.

സ്‌കൂളിലെ അറുപതോളം പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് ശശികുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്.

പരാതികളില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശശികുമാര്‍ ഇപ്പോള്‍ ഒളിവിലാണ്.

അധ്യാപകനായിരുന്ന കെ വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്.

തുടര്‍ച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ 11ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുളള നഗരസഭാംഗമായിരുന്നു. പരാതികളെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് ശശികുമാര്‍ രാജിവെച്ചിരുന്നു. സിപിഐഎമ്മില്‍ നിന്ന് ശശികുമാറിനെ പുറത്താക്കിയിരുന്നു.

Story Highlights: MSF MARCH TO MALAPPURAM ST JAMMAS SCHOOL

Next Story