
നടൻ രവി മോഹനും ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് അധിക്ഷേപകരമായ സന്ദേശങ്ങളും വധഭീഷണികളും വരുന്നുണ്ടെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് കെനിഷ ഇക്കാര്യം അറിയിച്ചത്. താൻ ഒന്നിനെയും ഭയന്ന് ഒളിച്ചോടുകയില്ലെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും കെനിഷ പറഞ്ഞു.
'ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനുമില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷേ ദയവായി എന്റെ മുഖത്തേക്ക് വന്ന് അത് ചെയ്യുക. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ചുറ്റും ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞാനാണ് കാരണം എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ദയവായി എന്നെ കോടതിയിൽ കയറ്റുക. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു,' എന്ന് കെനിഷ കുറിച്ചു.
'നിങ്ങളുടെ ശാപവാക്കുകളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നെ നിങ്ങൾ വേദനിപ്പിക്കുന്നു. പക്ഷേ സത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല,'
'നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയാത്തതിനാൽ, ഇതുപോലുള്ള വാക്കുകൾ പറയാൻ കഴിയും. നിങ്ങളുടെ അനുമാനങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. പക്ഷേ, ഒരു ദിവസം ഉടൻ തന്നെ സത്യം വെളിപ്പെടുമെന്ന് പ്രാർത്ഥിക്കുന്നു. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോ?,' എന്നും കെനിഷ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതി രംഗത്തെത്തിയിരുന്നു. 'എന്‍റെ വീട്ടുകാര്‍ ഒരിക്കലും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയുണ്ട്. ഞങ്ങളുടെ ബന്ധം തകരാനുള്ള കാരണം ഈ പുറത്തുള്ള ആളാണ്' എന്നായിരുന്നു ആരതി കുറിച്ചത്. പിന്നാലെ രവി മോഹൻ ഇതിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടിയും നൽകിയിരുന്നു.
ചെന്നൈ കുടുംബകോടതിയിലാണ് നടന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദമ്പതികള്‍ കോടതിയില്‍ ഹാജരായിരുന്നു. പ്രതിമാസം 40 ലക്ഷം രൂപയാണ് ജീവനാംശമായി ആരതി രവി മോഹനില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Highlights: Kenishaa Francis says that she receives death threats