'പ്രധാനമന്ത്രിക്ക് അധിക്ഷേപം; അട്ടപ്പാടിയിലെ മധുവിൻ്റെ പേര് മിണ്ടുന്നില്ല'; വേടനെതിരെ ബിജെപി കൗണ്‍സിലര്‍

വേടന്റെ പാട്ടില്‍ രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര്‍

dot image

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. വേടന്റെ പാട്ടില്‍ രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴാണ് ശ്രദ്ധപിടിച്ചത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

ദളിത് രാഷ്ട്രീയം പറയുന്ന വേടന്‍ വാളയാര്‍ പെണ്‍കുട്ടികളെ കുറിച്ച് ഒരു വരി പോലും പാടുന്നില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ പേര് എടുത്തു പറയാതെ പരാമര്‍ശിക്കുന്ന വേടന്‍ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബിജെപി പ്രവര്‍ത്തക എന്നതിലുപരി ഇന്ത്യന്‍ പൗര എന്ന നിലയിലാണ് പരാതി നല്‍കിയതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

വേടനെതിരെ പരാതി നല്‍കിയെന്നുള്ള വിവരം ഫേസ്ബുക്കിലൂടെയായിരുന്നു മിനി കൃഷ്ണകുമാര്‍ അറിയിച്ചത്. 'മോജി കപട ദേശവാദി' എന്ന് പരാമര്‍ശിച്ചുപാടിയ വേടന്റെ വേട്ടയുടെ ചരിത്രം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും എന്‍ഐഎക്കും പരാതി നല്‍കിയതായി മിനി കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വേടനെ സംഘ്പരിവാര്‍ തുടര്‍ച്ചയായി ലക്ഷ്യംവെയ്ക്കുന്നതിനിടെയാണ് ബിജെപി കൗണ്‍സിലറായ മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവാണ് വേടനെതിരായ 'സംഘ്പരിവാര്‍ വേട്ട'യ്ക്ക് തുടക്കമിട്ടത്. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമര്‍ശം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടന്‍ നടത്തുന്നതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തെത്തി.

വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. വേടന് മുന്നില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ശശികല പറഞ്ഞിരുന്നു. ശശികലയുടെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വര്‍ഗീയ വിഷപ്പാമ്പിന്റെ വായില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നും ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്നും സിപിഐഎം നേതാവ് പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. സംഘ്പരിവാറിന് നിങ്ങള്‍ ഇതൊക്കെ ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണെന്നും താന്‍ റാപ്പ് പാടുന്നത് തുടരുമെന്നുമായിരുന്നു ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തോടുള്ള വേടന്റെ പ്രതികരണം.

Content Highlights- bjp councilor mini krishnakumar reaction over her complaint against vedan

dot image
To advertise here,contact us
dot image