യുപിയില്‍ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു; അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
10 March 2022 9:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. യുപിയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന് രൂക്ഷ വിമര്‍ശനമാണ് ശിവന്‍കുട്ടി ഉന്നയിക്കുന്നത്. വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറി. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്നും ശിവന്‍ കുട്ടി ആരോപിച്ചു.
പോസ്റ്റ് പൂര്‍ണരൂപം-
ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല എന്നാണ് പ്രവണതകള്‍ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി. വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവും.