
തൃശൂര്‍: തൃശൂര്‍ അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ ഫൗസാന്‍ ആണ് മരിച്ചത്. രാവിലെ പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിലായിരുന്നു അപകടം.
സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ നിറച്ച പിക്കപ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ കരിക്കാട് ഭാഗത്തുനിന്നും വന്ന വാഗണര്‍ കാറില്‍ ഇടിച്ചശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ പെരുമ്പിലാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫൗസാന്റെ പിതാവ് മെഹബൂബും മാതാവ് സുലൈഖയും അന്‍സാര്‍ ആശുപത്രി ജീവനക്കാരാണ്. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരി വളപ്പില്‍ സുലൈമാന്‍ അന്‍സാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: 10th class student dies in road accident akkikkavu