Top

'കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തകരാണ് തലതാഴ്ത്തുന്നത്'; ഹരിത വിവാദത്തില്‍ പിഎംഎ സലാമിനെതിരെ എംഎസ്എഫ് മുന്‍ നേതാവ്

ഹരിതാ നേതാക്കളുടെ കൂടെ നിന്ന എംഎസ്എഫ് നേതാക്കൾക്ക് ഇ ടി മുഹമ്മദ് ബഷീർ പിന്തുണ നൽകുമ്പോൾ പിഎംഎ സലാം അടഞ്ഞ അധ്യായം എന്നാണ് ഹരിതാ വിഷയത്തെ സൂചിപ്പിക്കുന്നത്. ഇത് അണികൾക്കിടയിലും ആശങ്കയുണ്ടാക്കുന്നെന്ന് ലത്തീഫ്

26 May 2022 4:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തകരാണ് തലതാഴ്ത്തുന്നത്; ഹരിത വിവാദത്തില്‍ പിഎംഎ സലാമിനെതിരെ എംഎസ്എഫ് മുന്‍ നേതാവ്
X

കോഴിക്കോട്: ഹരിത വിവാദത്തിൽ പിഎംഎ സലാമിനെതിരെ ആഞ്ഞടിച്ച് മുന്‍ എംഎസ്എഫ് നേതാവ് ലത്തീഫ് തുറയൂർ. കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തകരാണ് തലതാഴ്ത്തുന്നതെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു.

ഹരിതാ നേതാക്കളുടെ കൂടെ നിന്ന എംഎസ്എഫ് നേതാക്കൾക്ക് ഇ ടി മുഹമ്മദ് ബഷീർ പിന്തുണ നൽകുമ്പോൾ പാർട്ടി സെക്രട്ടറി ചാർജുള്ള പിഎംഎ സലാം അടഞ്ഞ അധ്യായം എന്നാണ് ഹരിതാ വിഷയത്തെ സൂചിപ്പിക്കുന്നത്. ഇത് അണികൾക്കിടയിലും ആശങ്കയുണ്ടാക്കുന്നെന്ന് ലത്തീഫ് പറയുന്നു. ഹരിത വിഷയം സങ്കീര്‍ണമാക്കിയതും എംഎസ്എഫില്‍ പ്രശ്‌ന‌‌ങ്ങള്‍ സൃഷ്‌ടിച്ചതും സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണെന്ന് ഇ ടി മുഹമ്മദ് ബഷീറി​ന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എംഎസ്എഫി​ന്റെ അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ചു തുടങ്ങി സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് വന്ന് സംഘടനാ ചുമതലയിലേക്ക് എത്തിയ ത​ന്റെ പാർട്ടിയിലെ യാത്രാ വഴികൾ പറഞ്ഞുകൊണ്ടാണ് ലത്തീഫ് തുറയൂർ ത​ന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മുസ്ലിം ലീഗ് നേതാക്കളായിരുന്ന പാണക്കാട് പൂക്കോയ തങ്ങളുടേയും സി എച്ച് മുഹമ്മദ് കോയയുടെയും സ്ത്രീപക്ഷ നിലപാടുകളേയും കുറിപ്പിൽ ലത്തീഫ് ചൂണ്ടിക്കാട്ടുന്നു.'ഒന്നും അടക്കാതെ തുറന്നു വെക്കലാണ് പാണക്കാട് നേതൃത്വത്തിൽ മുസ്ലിം ലീഗ് പാർട്ടി എക്കാലത്തും സ്വീകരിച്ച നിലപാട് എന്ന് ആരെങ്കിലും ഒന്ന് ബഹുമാന്യനായ സെക്രട്ടറിക്ക് പറഞ്ഞു കൊടുക്കണ'മെന്ന് പറഞ്ഞാണ് മുന്‍ എംഎസ്എഫ് നേതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


ലത്തീഫ് തുറയൂരി​ന്റെ പ്രതികരണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംഘടനയിൽ ഒരുത്തരവാദിത്വം ഏൽപിച്ചപ്പോൾ കുത്തിക്കയറുന്ന വൈറസുകളും കത്തിജ്വലിക്കുന്ന സൂര്യനുമിടയിൽ ഹരിത പതാക നെഞ്ചോട് ചേർത്തുപിടിച്ചു അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി ഖായിദെ മില്ലത്തിന്റെ ദർശനങ്ങളുയർത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ നിന്നു.

സംഘടനയുടെ അടിത്തട്ടിൽനിന്ന് പ്രവർത്തിച്ചു യൂണിറ്റ് msf ന്റെ പ്രസിഡണ്ടും സെക്രട്ടറിയും പഞ്ചായത്തു മുതൽ ക്യാമ്പസ് യൂണിവേഴ്സിറ്റി തലങ്ങളിലും അങ്ങനെ സംഘടനയുടെ എല്ലാ ഘടകത്തിലും പ്രവർത്തിച്ച ശേഷമാണ് സംസ്ഥാന msf ന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.

അടിത്തട്ടിലെ പ്രവർത്തനങ്ങളും ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പും സമരങ്ങളും പ്രതിഷേധങ്ങളും ലാത്തിയടികളും ജയിൽ ജീവിതവും കേസും സംവാദങ്ങളും സർഗാത്മകവും അങ്ങനെ എല്ലായിടങ്ങളിലും ഒരു രാഷ്ട്രീയ വിദ്യാർഥിയുടെ സാമ്പത്തിക-സാമൂഹിക പരിമിതികൾക്കകത്ത്‌ നിന്ന് പ്രവർത്തിച്ചു.

മഹാനായ തങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിർവ്വഹിക്കുന്നതിനിടയിൽ എന്റെ സഹോദരിമാർക്ക് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ അവരോടൊപ്പം നിന്നു.

കാരണം മുസ്ലിം ലീഗിന്റെ ചരിത്രപുസ്തകങ്ങളിൽ ഈ സംഘടനയെ വായിച്ച സമയത്ത് മഹാനായ പാണക്കാട് പൂക്കോയ തങ്ങൾ ജീവിതത്തിന്റെ അവസാന സമയം കാഞ്ഞങ്ങാട് നിന്ന് നിങ്ങളുടെ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും, സി എച്ച് മുഹമ്മദ് കോയ സാഹിബ് നിങ്ങളിൽ നിന്ന് ഒരു പെൺകുട്ടി റാങ്ക് ഹോൾഡറായി കടന്നു വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുമുള്ള ലക്ഷ്യത്തോടെ പടുത്തുയർത്തിയ പ്രസ്ഥാനമാണ് ഇത് എന്ന ബോധ്യത്തിൽ.

പാർട്ടിക്കകത്ത് ചർച്ചകളും സംവാദങ്ങളും മധ്യസ്ഥ ങ്ങളും നടന്ന് സംഘടനാ പ്രവർത്തനങ്ങൾ സജീവമായി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നതിടയിൽ ഒരു സാധാരണ പ്രവർത്തകനോട് പോലും കാണിക്കാൻ പാടില്ലാത്ത തരത്തിൽരാഷ്ട്രീയ ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കുന്ന രീതിയിൽ ചന്ദ്രിക പത്രത്തിൽ ഒരു കോളം വാർത്തയായി സംഘടനക്ക് വേണ്ടി കേസുകളും സാമ്പത്തിക ബാധ്യതകളുമായി നിൽക്കുന്ന സംസ്ഥാന msf ജനറൽ സെക്രട്ടറിയെ ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയിട്ടുണ്ട് എന്ന വാർത്ത കണ്ടു നിന്നു.

ക്രൂരതക്ക് മുൻപിൽ പകച്ചു നിൽക്കാതെ പ്രതികരിച്ചു.പറയുന്നത് സത്യമാണ് എന്ന ഉറച്ചബോധ്യത്തിൽ പരിഹാസങ്ങളും തെറിവിളികളും ആവർത്തിച്ചാവർത്തിച്ചു നടന്ന സമയത്തും അഭിമാനകരമായ അസ്തിത്വത്തിന്ന് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിമാനം പണയം വെക്കാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിച്ചു.

ഞങ്ങൾ പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ് എന്ന് ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ നാവിൻതുമ്പിൽ നിന്ന് തന്നെ വന്നതും, എന്നെ പുറത്താക്കിയത് ഒരിക്കലും നീതീകരിക്കാൻ പറ്റാത്തതാണ് എന്നും കേട്ടതിൽ വളരെ സന്തോഷം.

പക്ഷേ എന്നിട്ടും പാർട്ടി സെക്രട്ടറി ചാർജ്ജിലിരിക്കുന്ന പി എം എ സലാം സാഹിബ് പറയുന്നത് വർഷങ്ങൾക്ക് മുമ്പുള്ള പ്രതികരണം എന്നാണ്. ഹരിത വിവാദമുണ്ടായിട്ട് തന്നെ ഒരു വർഷം ആയിട്ടില്ല എന്ന ബോധ്യവും എന്നെ പുറത്താക്കിയിട്ട് നാലുമാസമേ പിന്നിട്ടുള്ളൂ എന്ന യാഥാർത്ഥ്യവും അതിനെല്ലാം ശേഷമുള്ള പ്രതികരണമാണ് ഇത് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്നതിനെ മറച്ചുവച്ചുള്ള പ്രതികരണം.

ഇങ്ങനെ കറമൂസത്തണ്ട് പ്രയോഗങ്ങൾ ആവർത്തിക്കുന്ന സമയത്ത് മഹത്തായ ഒരു സംഘടനയും ആ സംഘടനയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുമാണ് തലതാഴ്ത്തേണ്ടി വരുന്നത് എന്ന ബോധ്യമുണ്ടാകണം.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് സംഘടനയിലെ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചു ഒറ്റക്കെട്ടായി മുന്നോട്ടു പോകും എന്ന് ഉറപ്പു പറയുന്ന സമയത്ത് സലാം സാഹബ് എല്ലാം അടഞ്ഞ അധ്യായമാണെന്ന് പറയുന്നു.ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്ന് അണികൾക്കും പൊതുസമൂഹത്തിനും ചോദ്യങ്ങൾ ബാക്കിയാവുന്നു.

ഒന്നും അടക്കാതെ തുറന്നു വെക്കലാണ് പാണക്കാട് നേതൃത്വത്തിൽ മുസ്ലിം ലീഗ് പാർട്ടി എക്കാലത്തും സ്വീകരിച്ച നിലപാട് എന്ന് ആരെങ്കിലും ഒന്ന്

ബഹുമാന്യനായ സെക്രട്ടറിക്ക് പറഞ്ഞു കൊടുക്കണം.

Nb.സത്യം ആകാശംമുട്ടെ കണ്ടാലും ഭൂമി പൊട്ടുമാറുച്ചത്തിൽ കേട്ടാലും അവര് കേൾക്കുകയും കാണുകയുമില്ല എന്ന് ഖുർആൻ പറഞ്ഞ വിഭാഗത്തിൽ പെട്ടവർക്ക് തെറിവിളികൾ തുടരാം.

Story Highlights : 'Activists bow down when dice are repeated'; Former MSF leader against PMA Salam in green controversy

Next Story