
ആസിഫ് അലിയെ നായകനാക്കി തമര്‍ സംവിധാനം ചെയ്ത 'സര്‍ക്കീട്ട്' മികച്ച പ്രേക്ഷകാഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്‍ശന വിജയം നേടുന്നു. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രതിപാദിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തിയേറ്ററുകളിലുണ്ടാക്കുന്നത്.
പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദര്‍ശകവിസയ്ക്ക് യുഎഇയിലെത്തിയ ഗള്‍ഫില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് 'സര്‍ക്കീട്ട്'. ആമിര്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്.
താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകള്‍. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. സംസ്ഥാന പുരസ്‌കാര ജേതാവും നടനും കൂടിയായ സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ്.
പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം - വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈന്‍ പ്രൊഡക്ഷന്‍ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.
Content Highlights: Asif Ali movie Sarkeet enter to second week