
കൊച്ചി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചു. മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. ഇവിടെ സൗകര്യം കുറവെങ്കിൽ ഫിഫ നിലവാരത്തിൽ സ്റ്റേഡിയമുണ്ടാക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ട് വെച്ചത്. നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസി വരുമെന്നാണ് പ്രതീക്ഷ. അതിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പോര്‍ട്ടര്‍ ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തിയ്യതി അനുവദിച്ചുതരും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണ്.'
'മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. അതിനിടയില്‍, പച്ചാളം ഭാസി വന്നു ചതിച്ചുവെന്ന നിലയ്ക്ക് വാര്‍ത്തകൊടുക്കരുത്. ഇതിന് പിന്നിലെ പ്രയത്‌നത്തെ ഇല്ലാതാക്കരുത്'
'അര്‍ജന്റൈന്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി റാങ്കിംഗ് അന്‍പതിന് താഴെയുള്ള ടീമിനെ കൂടി കൊണ്ടുവരേണ്ടതുണ്ട്. അവരുമായും ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാരും റിപ്പോര്‍ട്ടറും ചെയ്യേണ്ട കാര്യങ്ങള്‍ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കരുത്. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. മെസി വന്നാല്‍ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാല്‍ മെസി വരില്ലെന്ന് പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണ്'.
'മെസി വരില്ലെന്ന തരത്തില്‍ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം അറിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരിക്കാം വാര്‍ത്ത വന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. ഇന്ന് രാവിലെയും എഎഫ്എയുമായി ബന്ധപ്പെട്ടിരുന്നു. പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാരിന്റെ പിന്തുണ വേണം. റിപ്പോര്‍ട്ടര്‍ ടി വി ചെയ്യേണ്ടതെല്ലാം ചെയ്യാം. സര്‍ക്കാരാണ് ഇടനിലക്കാര്‍. അവരാണ് ഫുട്‌ബോള്‍ അസോസിയേഷനെ ക്ഷണിച്ചത്. വലിയ തുക ചെലവാക്കിയിട്ടുള്ള കാര്യമാണ്. വരാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ കൊണ്ടുവരാനുള്ള ഏജന്‍സിയായി റിപ്പോര്‍ട്ടര്‍ ടിവി നില്‍ക്കും. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് കേരളത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അര്‍ജന്റീനയുടെ വലിയ ആരാധകര്‍ കേരളത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. കേരളത്തിലെ കായിക വകുപ്പ് മന്ത്രി ഇക്കാര്യത്തിലെടുത്ത പ്രയത്‌നം ചെറുതല്ല. മെസി വന്നാലും ഇല്ലെങ്കിലും അദ്ദേഹം കാണിച്ചിട്ടുള്ളത് വലിയ പ്രയത്‌നമാണ്. മെസി കേരളത്തില്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'
Content Highlights: Reporter TV Managing Director Anto Augustine about Messi and Argentina team arrival in Kerala