
ഇംഗ്ലീഷ് എഫ് എ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് കിരീടം. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റൽ പാലസ് ഇംഗ്ലീഷ് എഫ് എ കപ്പിൽ ചാംപ്യന്മാരായത്. എബെറെച്ചി എസെയാണ് ക്രിസ്റ്റൽ പാലസിനായി വലചലിപ്പിച്ചത്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീട വിജയമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളാണ് പന്ത് നിയന്ത്രിച്ചിരുന്നത്. പലതവണ ഗോൾമുഖത്തേയ്ക്കെത്തിയ സിറ്റിക്ക് തടസമായത് ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സന്റെ തകർപ്പൻ പ്രകടനമാണ്. മത്സരത്തിന്റെ 16-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിന് ലഭിച്ച അപൂർവ്വ അവസരങ്ങളിലൊന്ന് എബെറെച്ചി എസെ വലയിലാക്കി. പിന്നാലെ സമനില ഗോളിനായി 35-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മാർമൗഷ് നഷ്ടമാക്കി.
താരത്തിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെ പാലസ് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.
രണ്ടാം പകുതിയിൽ ക്രിസ്റ്റൽ പാലസിനായി ഡാനിയേൽ മുനോസ് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി. 76-ാം മിനിറ്റിൽ മാർമൗഷിന് പകരം അർജന്റീനൻ യുവതാരം ക്ലൗഡിയോ എച്ചവേരി മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം കുറിച്ചു. നിശ്ചിത സമയത്തും 10 മിനിറ്റോളം നീണ്ടുനിന്ന അധികസമയത്തും സമനില ഗോൾ കണ്ടെത്താൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ഇതോടെ മത്സരം ക്രിസ്റ്റൽ പാലസ് വിജയിച്ചു.
Content Highlights: Crystal Palace are the 2024/25 FA Cup winners