ഓപണിങ് റോളിൽ തിരികെയെത്താൻ കെ എൽ രാഹുൽ; ബാറ്റിങ് ലൈനപ്പിൽ മാറ്റത്തിന് DC

സീസണിൽ ഡൽഹി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് രാഹുൽ ഓപണറുടെ റോളിലെത്തിയത്

dot image

ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓപണർ സ്ഥാനത്ത് കെ എൽ രാഹുൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ. സീസണിൽ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും ഓപണിങ് സഖ്യം വിജയിക്കാത്തതാണ് രാഹുലിനെ വെച്ച് പുതിയ പരീക്ഷണത്തിന് ഡൽഹിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ രാഹുലിന് സഹ ഓപണർ ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഫാഫ് ഡു പ്ലെസിസും അഭിഷേക് പോറലുമാണ് രാഹുലിന് സഹഓപണർമാരായി കളത്തിലെത്താൻ സാധ്യതയുള്ളത്.

നേരത്തെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗും ഫാഫ് ഡു പ്ലെസിസുമാണ് ഡൽഹിക്കായി ഓപണിങ് ചെയ്തിരുന്നത്. എന്നാൽ മക്​ഗർ​ഗിന്റെ പ്രകടനം മോശമായതോടെ അഭിഷേക് പോറലിനെയും കരുൺ നായരെയും ഓപണറുടെ റോളിൽ പരീക്ഷിച്ചു. എങ്കിലും ആർക്കും മികവ് പുലർത്താനായില്ല. ഏതാനും മത്സരങ്ങളിൽ പരിക്കിനെ തുടർന്ന് ഫാഫ് ഡു പ്ലെസിസിന് മാറിനിൽക്കേണ്ടി വന്നിരുന്നു.

സീസണിൽ ഡൽഹി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് രാഹുൽ ഓപണറുടെ റോളിലെത്തിയത്. രണ്ട് മത്സരങ്ങളിൽ മൂന്നാം നമ്പറിലും ഏഴ് മത്സരങ്ങളിൽ നാലാം നമ്പറിലും രാഹുൽ ക്രീസിലെത്തി. സീസണിൽ 10 മത്സരങ്ങളിൽ നിന്നായി 381 റൺസാണ് രാഹുലിന്റെ സമ്പാദ്യം. സീസണിൽ 11 മത്സരങ്ങൾ പിന്നിടുന്ന ഡൽഹി ക്യാപിറ്റൽസ് ആറ് ജയവും നാല് തോൽവികളും ഉൾപ്പെടെ 13 പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

Content Highlights: KL Rahul likely to play as opener for DC in remainder of IPL

dot image
To advertise here,contact us
dot image