
ഡൽഹി: അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിൽ നിന്നും ശശി തരൂരിന്റെ പേര് ഒഴിവാക്കി കോൺഗ്രസ്. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ തരൂരിനെ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.
പ്രതിനിധികളെ നിര്‍ദേശിക്കണമെന്ന് വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാവിനോട് കേന്ദ്രമന്ത്രി കിരണ്‍ റിജുജു ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാല് പേരെ നിര്‍ദേശിച്ചതായും ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നിര്‍ദേശിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല.
അതേസമയം പ്രതിനിധി സംഘത്തിൽ തന്‍റെ പേര് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിനോട് ശശിതരൂർ നന്ദി രേഖപ്പെടുത്തി. സർവ്വകക്ഷി സംഘത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുണ്ടെന്ന് തരൂർ എക്സിലൂടെ വ്യക്തമാക്കി.
'അടുത്തിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം വിശദീകരിക്കാന്‍ സര്‍വ്വകക്ഷിപ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാല്‍പര്യം ഉയര്‍ന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോള്‍ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. ജയ്ഹിന്ദ്', എന്നാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്.
വിദേശ കാര്യ പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍, വിദേശകാര്യ വിഷയങ്ങളിലെ അഗാധമായ പ്രാവീണ്യം, യുഎന്നില്‍ പരിചയമുള്ളതിനാല്‍ വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത വരും തുടങ്ങിയ ഘടകങ്ങളാണ് ശശി തരൂരിനെ സംഘ തലവനായി ചുമതലയേല്‍പ്പിക്കാനുള്ള പ്രധാന കാരണങ്ങളെന്നാണ് സൂചന. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യും. മെയ് 22 മുതല്‍ ജൂണ്‍ 10 വരെ നീണ്ടു നില്‍ക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എംപിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആദ്യ സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഗള്‍ഫ് മേഖലകളടക്കമുള്ള അന്‍പതോളം രാജ്യങ്ങളിലേക്കാണ് പാര്‍ലമെന്ററി-നയതന്ത്ര സംഘം പോവുകയെന്നാണ് വിവരം.
Content Highlights: Congress not to suggest Tharoor's name in foreign delegation