ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം, ഫലം കാണാതെ യുക്രെയ്ൻ-റഷ്യ വെടി നിർത്തൽ കരാർ

രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആണ് നിർണായക തീരുമാനം

dot image

ഇസ്താംബുൾ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്. നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ തന്നെയാണ് ആദ്യം നിർദേശിച്ചത്. പിന്നാലെ സെലന്‍സ്‌കിയും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് റഷ്യൻ ഉപദേശകനായ വ്‌ളാഡിമിർ മെഡിൻസ്‌കിയാണ് ചർച്ചകളിൽ പങ്കെടുക്കുക എന്ന് പുടിൻ അറിയിച്ചതിന് പിന്നാലെ സെലൻസ്കിയും ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് യുക്രെയ്നെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

ഇസ്താംബൂളിൽ നടന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച

റഷ്യ ഒരു "ഡമ്മി" പ്രതിനിധി സംഘത്തെയാണ് ഇസ്താംബൂളിലേക്ക് അയച്ചതെന്ന് സെലൻസ്കി പരിഹസിച്ചിരുന്നു. 2022 ലെ പരാജയപ്പെട്ട ചർച്ചകളുടെ തുടർച്ചയായാണ് നടക്കാൻ പോകുന്നതെന്നും സെലൻസ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചർച്ചയിൽ പുടിൻ പങ്കെടുക്കാൻ വിസമ്മതിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇരു നേതാക്കളും പങ്കെടുക്കാത്ത ചർച്ചയിൽ വലിയ പ്രതീക്ഷകളൊന്നുമില്ലായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. യുക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയുടെ നിലപാടിനെ അപലപിച്ചു. സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് അസ്വീകാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. യൂറോപ്യൻ ഉച്ചകോടിക്കായി അൽബേനിയയിലെത്തിയതായിരുന്നു അദ്ദേഹം. യു കെ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് നേതാക്കൾ ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുടിൻ തുർക്കിയിലെത്തില്ലെന്ന് അറിയിച്ചതോടെ സെലന്‍സ്‌കിയും പിന്മാറുകയായിരുന്നു. എന്നിരുന്നാലും യുഎസ് സമ്മർദ്ദത്തിന് വഴങ്ങി സെലൻസ്‌കി വ്യാഴാഴ്ച അങ്കാറയിലെത്തിയിരുന്നു. അങ്കാറയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുമായി സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ട്രംപിനോടും ത്വയ്യിബ് എർദോഗനോടും ഉള്ള ബഹുമാനം കണക്കിലെടുത്താണ് യുക്രെയ്ൻ പ്രതിരോധ മന്ത്രിയെയും സംഘത്തെയും ഇസ്താംബൂളിലേക്ക് അയയ്ക്കാൻ തീരുമാനിക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു.

Content Highlights: Russia and Ukraine agree prisoner swap but peace talks fail to make progress

dot image
To advertise here,contact us
dot image