
ബാംഗ്ലൂർ: കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി ബാംഗ്ലൂർ നഗരം. ഇന്ന് വൈകിട്ട് രണ്ടു മണിക്കൂർ നിർത്താതെ പെയ്‌ത കനത്ത മഴയിലാണ് നഗര ജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂക്ഷമായത് . വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലെ അപ്പാർട്മെന്റുകളിലേക്കും കടകളിലേക്കും മഴവെള്ളം ഇരച്ചു കയറി. അടിപാതകളും ഓവുചാലുകളും നിറഞ്ഞു കവിഞ്ഞതോടെ നഗരത്തിലെ വാഹന ഗതാഗതം സ്തംഭിച്ചു .
മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ചിലയിടങ്ങളിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. റോഡിലെ കുഴിയിൽ വീണു ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റി. വൈകുന്നേരങ്ങളിലെ ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേ സമയം കനത്ത മഴയെ തുടർന്ന് ഐപിഎല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഉപേക്ഷിച്ചു. മഴ കനത്തതോടെ ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.
content highlights : Heavy rains in Bangalore; trees uprooted; roads flooded