
ഐപിഎല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. 12 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എട്ട് വിജയവും മൂന്ന് സമനിലയും ഉൾപ്പെടെ 17 പോയിന്റ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. എന്നാൽ പ്ലേ ഓഫ് ഉറപ്പിക്കാനായി ആർസിബി ഇനിയും കാത്തിരിക്കണം.
നാളെ നടക്കുന്ന മത്സരങ്ങളിൽ പഞ്ചാബ് കിങ്സ് അല്ലെങ്കിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടാൽ ആർസിബിക്ക് ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമാകാൻ കഴിയും. പഞ്ചാബിന് രാജസ്ഥാൻ റോയൽസും ഡൽഹിക്ക് ഗുജറാത്ത് ടൈറ്റൻസുമാണ് എതിരാളികൾ. അതിനിടെ മത്സരം മഴയെടുത്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
സീസണിൽ 13 മത്സരങ്ങൾ പിന്നിടുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് ജയവും ആറ് തോൽവിയും ഉൾപ്പെടെ 12 പോയിന്റുണ്ട്. ഈ സീസണിൽ കൊൽക്കത്തയുടെ രണ്ട് മത്സരങ്ങളാണ് മഴയെ തുടർന്ന് നഷ്ടമായത്. ഇനി അവശേഷിക്കുന്ന ഒരു മത്സരത്തിൽ കൊൽക്കത്ത വിജയിക്കുകയും മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്താൽ മാത്രമെ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത ഐപിഎൽ പ്ലേ ഓഫിൽ കളിക്കൂ. മുംബൈയ്ക്ക് രണ്ടും ഡൽഹിക്ക് മൂന്നും മത്സരങ്ങൾ ബാക്കിയുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ അവസാന മത്സരം.
Content Highlights: Match between RCB vs KKR abandoned due to Rain