
ഇന്ത്യയിലേക്ക് പാകിസ്താൻ അയക്കുന്ന ചൈനീസ് ഡ്രോണുകളെ ഇനി കുറഞ്ഞ ചെലവിൽ നിലംപരിശാക്കാം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൈക്രോ മിസൈൽ സംവിധാനമായ ഭാർഗവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഏത് തരത്തിലുള്ള ഡ്രോൺ ആക്രമണത്തെയും ചെറുക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഭാർഗവാസ്ത്ര. ശത്രുക്കളയക്കുന്ന ഡ്രോണുകൾ കൃത്യമായി ട്രാക്ക് ചെയ്ത് നശിപ്പിക്കാൻ നശിപ്പിക്കാൻ കഴിയുമെന്ന് ഒഡിഷയിലെ ഗോപാൽപുരിൽ നടത്തിയ പരീക്ഷണത്തിൽ ഭാർഗവാസ്ത്ര തെളിയിച്ചു. 64 മിസൈലുകളാണ് ഭാർഗവാസ്ത്രയ്ക്ക് വഹിക്കാനാകുക. ഏത് തരത്തിലുള്ള ഭൂപ്രദേശത്തും, 5000 മീറ്റർ ഉയരത്തിലും വരെ പ്രവർത്തിക്കും.
രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള ഏറ്റവും ചെറിയ ഡ്രോണുകളെ വരെ ഭാർഗവാസ്ത്ര കണ്ടെത്തി നശിപ്പിക്കും. ആകാശത്തിലൂടെ വരുന്ന ഏത് ഭീഷണിയെയും തിരിച്ചറിയാൻ ആറ് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ റഡാർ പരിധിയുണ്ട്. ഒന്നിലധികം ഡ്രോണുകളെ നശിപ്പിക്കാനുള്ള കഴിവും ഭാർഗവാസ്ത്രയ്ക്കുണ്ട്. സോഫ്റ്റ് കിൽ, ഹാർഡ് സ്കിൽ എന്നീ രണ്ട് തരത്തിൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാനാകും. ഡ്രോണുകളെ നശിപ്പിക്കാൻ മൈക്രോ മിസൈലുകൾ മാത്രമല്ല, സിഗ്നൽ ജാം ചെയ്ത് ഡ്രോണുകളെ വീഴ്ത്താനുളള സാങ്കേതിക വിദ്യയും ഇതിൽ ഉൾപ്പെടുത്തിയേക്കും.
ഡ്രോണുകളെ നശിപ്പിക്കാൻ വിവിധ തരത്തിലുള്ള മൈക്രോ മിസൈൽ സംവിധാനം മറ്റു രാജ്യങ്ങളിലുണ്ടെങ്കിലും ഭാർഗവാസ്ത്ര പോലെ ചെലവ് കുറഞ്ഞ, ഒന്നിലധികം ഡ്രോണുകളെ നശിപ്പിക്കാൻ ശേഷിയുള്ള കൗണ്ടർ ഡ്രോൺ സിസ്റ്റം ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ സാധിക്കാതെ വന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങൾ വർധിപ്പിച്ച സാഹചര്യത്തിലാണ് ചെലവ് കുറഞ്ഞ കൗണ്ടർ ഡ്രോൺ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ അതിർത്തിയിലേക്ക് പാകിസ്ഥാൻ ആളില്ലാ വിമാനങ്ങളും ഡ്രോണുകളും അയച്ചിരുന്നു. അതിർത്തിയിലെ തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെ വീഴ്ത്തിയത് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ സുദർശൻ ചക്രയാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ് 400 എന്ന സുദർശൻ ചക്ര. യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്- ക്രൂയിസ് മിസൈലുകൾ, തുടങ്ങി ശത്രുരാജ്യങ്ങളുടെ ഏത് തരത്തിലുള്ള വ്യോമഭീഷണികളെയും അനായാസം പ്രതിരോധിക്കാൻ സുദർശൻ ചക്രയ്ക്ക് കഴിയും. ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ് 400 സുദർശൻചക്ര. ഭാർഗവാസ്ത്രയുടെ വരവോടെ ഡ്രോണുകളെയും ചെറിയ ആളില്ലാ വിമാനങ്ങളെയും നേരിടാൻ സുദർശൻ ചക്ര പ്രയോഗിക്കേണ്ട ആവശ്യമില്ല. ആകാശത്തിലൂടെ വരുന്ന ചെറിയ ഭീഷണികളെ ചെലവ് കുറച്ച് അനായാസം നേരിടാനാണ് ഭാർഗവാസ്ത്ര ഇന്ത്യ വികസിപ്പിച്ചെടുത്തത്.
Content Highlights: Indias New Counter Drone Technology successfully tested