സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം; ബഹ്റൈനിൽ പീനട്ട് ബട്ടർ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
യുഎസ് നിർമ്മിതമായ ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
27 May 2022 5:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മനാമ: സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടർന്ന് ബഹ്റൈനിൽ പീനട്ട് ബട്ടർ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. യുഎസ് നിർമ്മിതമായ ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ഹൈപ്പർ മാർക്കറ്റുകളിലും മാർക്കറ്റുകളിലും നടത്തിയ പരിശോധനയിലാണ് ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങൾ പിടിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 274425 മുതൽ 2140425 വരെ ബാച്ച് നമ്പറുകളിലുള്ള ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങളിലാണ് സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ ബാച്ചിലുളള ഉൽപന്നങ്ങൾ ചെറിയ അളവിലാണ് ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യോൽപന്നങ്ങളുടെ അന്താരാഷ്ട്ര നിലവാരം, ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുെം ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത ബ്രാൻഡും ബാച്ച് നമ്പറുമുളള ഉൽപന്നങ്ങൾ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അവ ഏജന്റുമാർക്കും റീട്ടെയിൽ സ്റ്റോറുകൾക്കും തിരികെ നൽകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHTS:JIF Peanut Butter Products Suspected of Being Contaminated with Salmonella has been Seized in Bahrain