Top

കെസി വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് സോണിയ വിളിപ്പിച്ചു; വെള്ളിയാഴ്ച രാഹുലും തലസ്ഥാനത്തേക്ക്

20 Sep 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെസി വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് സോണിയ വിളിപ്പിച്ചു; വെള്ളിയാഴ്ച രാഹുലും തലസ്ഥാനത്തേക്ക്
X

ന്യൂഡല്‍ഹി: എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെസി ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. യാത്രക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധിയും തലസ്ഥാനത്തേക്ക് മടങ്ങും.

വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കുക. അന്നാണ് നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലെത്തുക. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ സോണിയയെ സന്ദര്‍ശിച്ചതിന് ശേഷം ചര്‍ച്ചകളില്‍ പങ്കെടുത്ത് രാഹുല്‍ അന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. ശനിയാഴ്ച ചാലക്കുടിയില്‍ നിന്ന് യാത്ര തുടരും.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.

ഭാരത് ജോഡോ യാത്ര കേരളം വിട്ടതിന് ശേഷമാണ് പ്രമേയം അവതരിപ്പിക്കുക. എന്നാല്‍ രാഹുല്‍ കേരളത്തില്‍ ഉള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് പറഞ്ഞു.

Story Highlights: AICC General Secretary KC Venugopal has been urgently called to Delhi by Congress interim President Sonia Gandhi

Next Story