താമസം ഒറ്റമുറി വീട്ടിൽ പക്ഷെ വരുന്നത് ആഡംബരക്കാറില്‍; സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകാത്ത ബിടൗണ്‍

റെഡ് കാർപെറ്റിൽ പങ്കെടുക്കാനായി ഒരു സ്റ്റൈലിസ്റ്റിന് മാത്രം ഒരു ലക്ഷം രൂപ (5000 ദിർഹം) ചെലവാകും

dot image

താരപ്പൊലിമയും ആഡംബരവും നിറഞ്ഞ് നിൽക്കുന്ന ഇൻഡസ്ട്രിയാണ് ബോളിവുഡ്. താരങ്ങളുടെ ലുക്കും സ്റ്റൈലുമെല്ലാം ദിനം പ്രതി പാപ്പരാസികളുടെ കാമറയിൽ പതിയാറുണ്ട്. ഈ റെഡ് കാർപെറ്റ് ലുക്കുകളും എയർപോർട്ട് സ്റ്റില്ലുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് വൈറലാകുന്നത്. എന്നാൽ ബോളിവുഡിൽ നിലനിൽക്കാനായി ഇതിനെല്ലാം അഭിനേതാക്കൾ നൽകുന്ന വില വലുതാണെന്നും ഒരു സിനിമാപാരമ്പര്യവുമില്ലാതെ ഈ മേഖലയില്‍ എത്തുന്നവര്‍ക്ക് ഇത് താങ്ങാനാവില്ലെന്നും തുറന്ന് പറയുകയാണ് നടി കൽക്കി കൊച്ച്ലിൻ.

ഒരിക്കൽ ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാനായി തന്റെ സ്വിഫ്റ്റ് കാറിൽ ചെന്നപ്പോൾ വേദിയിലേക്ക് കടത്തിവിട്ടില്ലെന്ന് പറയുകയാണ് കൽക്കി. 'അവർ എന്റെ കാർ വേദിയിലേക്ക് കടത്തിവിട്ടില്ല. ഒടുവിൽ പരിപാടിയിലേക്കുള്ള ക്ഷണം കാണിച്ച് അത് ഞാൻ ആണെന്ന് മനസിലാക്കി കൊടുക്കേണ്ടി വന്നു'. ഞാൻ ഇങ്ങനെയാണ്. എനിക്ക് ആ ലൈഫ് സ്റ്റൈൽ വേണ്ട. എന്റെ ജീവിതം എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കാനും എന്റെ കാര്യങ്ങൾ സ്വന്തം രീതിയിൽ ചെയ്യാനും ആഗ്രഹമുണ്ട്', കൽക്കി കൂട്ടിച്ചേർത്തു. അലീന ഡിസെക്റ്റ്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് കൽക്കി ഇക്കാര്യം പറഞ്ഞത്.

'സ്വന്തമായി ഓഡി കാറുള്ള എന്നാൽ ഒറ്റമുറി ഫ്ലാറ്റിൽ താമസിക്കുന്നവരെ എനിക്കറിയാം. അവർ മീറ്റിംഗുകൾക്ക് ഡ്രൈവറുമായി ഒരു ഓഡി കാറിൽ വരും, പക്ഷേ താമസം ഇടുങ്ങിയൊരു സ്ഥലത്തായിരിക്കും', കൽക്കി പറയുന്നു. ബോളിവുഡ് താരങ്ങളുടെ എയർപോർട്ട് ലുക്കുകളും വീഡിയോയുമെല്ലാം താരങ്ങളുടെ തന്നെ അറിവോടെ നടത്തുന്ന മാർക്കറ്റിങ് തന്ത്രമാണെന്നും ഇതിലൂടെ തങ്ങൾക്ക് കൂടുതൽ ഫോളോവർസ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണെന്നും മുൻപ് നിരവധി പേര് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇൻഡസ്ട്രിയിലെ റിപ്പോർട്ട് പ്രകാരം, ഒരു റെഡ് കാർപെറ്റിൽ പങ്കെടുക്കാനായി ഒരു സ്റ്റൈലിസ്റ്റിന് മാത്രം ഒരു ലക്ഷം രൂപ (5000 ദിർഹം) ചെലവാകും. ഇതിന് പുറമേ ഡിസൈനർ വാടക, ഗ്ലാം സ്ക്വാഡുകൾ, പിആർ റിട്ടെയ്‌നറുകൾ, ആഡംബര കാറുകൾ തുടങ്ങി നിരവധി ചെലവുകളും ഉൾപ്പെടുന്നു. ഷാരൂഖ് ഖാൻ അല്ലെങ്കിൽ ദീപിക പദുകോണിനെപ്പോലുള്ള എ-ലിസ്റ്റ് അഭിനേതാക്കൾക്ക് ഇത് താങ്ങാനാകുമെങ്കിലും സാധാരണക്കാരായ അഭിനേതാക്കൾക്ക് ഇത് ബുദ്ധിമുട്ടായി മാറാറുണ്ട്. ഇത് പലപ്പോഴും അവരുടെ അവസരങ്ങൾക്ക് വിലങ്ങുതടിയാകാറുമുണ്ട്.

ബോളിവുഡിൽ അഭിനയിക്കാനുള്ള കഴിവ് മാത്രമല്ല അഭിനേതാക്കളുടെ ഇമേജിനും വലിയ പ്രാധാന്യമുണ്ട്. ഇത്തരം റെഡ് കാർപെറ്റ്, എയർപോർട്ട് ലുക്കുകൾ വൈറലാകുന്നതോടെ അഭിനേതാക്കൾക്ക് സിനിമകളുടെയും പരസ്യങ്ങളുടെയും കരാറുകൾ ലഭിക്കും. എന്നാൽ ഇത് താങ്ങാൻ കഴിയാത്തവർക്കും ഇത്തരം പിആർ സ്റ്റണ്ടുകള്‍ കാരണം കഴിവുള്ള പല അഭിനേതാക്കൾക്കും അവസരം ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്.

Content Highlights: Kalki Koechlin talks about Bollywood and PR works

dot image
To advertise here,contact us
dot image