
കണ്ണൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് കാരണം കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമെന്നാണ് സൂചന. കൃത്യം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിൽ രതീഷിന്റെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നതിന് മുൻപ് ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും തുടർന്ന് ഇരുമ്പ് പണിശാലയിലെ വെട്ടുകത്തി ഉപയോഗിച്ച് നിധീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ആക്രമണത്തിൽ നിധീഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് കാരണമായതെന്ന സംശയവും പൊലീസിനുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. തടയുന്നതിനിടെയാണ് ഭാര്യ ശ്രുതിക്ക് വെട്ടേറ്റത്. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: One person in police custody in connection with Nidheesh's death in Kanjirakolli