'കർണാടകയാണ്, കന്നഡ സംസാരിക്കൂ'വെന്ന് കസ്റ്റമർ; ഇന്ത്യയാണെന്നും ഹിന്ദി പറയുമെന്നും മാനേജർ; ബാങ്കിൽ വാക്‌പോര്

വീഡിയോ ദൃശ്യങ്ങളിൽ ആരാണ് തർക്കം തുടങ്ങിയതെന്നോ പ്രകോപനമാരംഭിച്ചതെന്നോ വ്യക്തമല്ല

dot image

ബെംഗളൂരു: കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്‌പോര്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ബാങ്കിന്റെ ദക്ഷിണ ബെംഗളൂരുവിലെ ചന്ദാപുര ശാഖയിലാണ് സംഭവം.

ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്ന് പറഞ്ഞുകൊണ്ട് കസ്റ്റമറുടെ ആവശ്യം മാനേജർ നിരസിക്കുകയായിരുന്നു. എന്നാൽ കസ്റ്റമർ ഇതേകാര്യം ആവർത്തിച്ചു. നിങ്ങൾ ഒരിക്കലും കന്നട സംസാരിക്കില്ലേയെന്ന് കസ്റ്റമർ ചോദിച്ചപ്പോൾ 'ഇല്ല, ഞാൻ ഹിന്ദി സംസാരിക്കും', എന്നായിരുന്നു മാനേജറുടെ മറുപടി.

ഉപഭോക്താവ് അപ്പോഴും വിട്ടുകൊടുക്കുന്നില്ല. അതാത് സംസ്ഥാനത്തിന്റെ ഭാഷകൾ സംസാരിക്കണമെന്ന് ആർബിഐ നിർദ്ദേശമുണ്ടെന്നും നിങ്ങൾ അതെന്താണ് പാലിക്കാത്തതെന്നും ചോദിച്ചു. അതിന് മാനേജർ താൻ കന്നഡ സംസാരിക്കില്ല എന്ന് തറപ്പിച്ചുപറയുകയായിരുന്നു. തുടർന്ന് അയാൾ ജനങ്ങളോട് ഈ ബ്രാഞ്ചിനെ ഒരു പാഠം പഠിപ്പിക്കണമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി.

വീഡിയോ ദൃശ്യങ്ങളിൽ ആരാണ് തർക്കം തുടങ്ങിയതെന്നോ പ്രകോപനമാരംഭിച്ചതെന്നോ വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ വാദികളുടെ പ്രതിഷേധങ്ങൾ അങ്ങിങ്ങായി കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: War of words regarding speaking kannada at bank

dot image
To advertise here,contact us
dot image