'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കാന്‍ വരരുത്'; സിപിഐഎമ്മിന് എതിരെ വി മുരളീധരന്‍
കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ മാഫിയകളേയും കഞ്ചാവ് വില്‍പനക്കാരേയും നിയന്ത്രിക്കുന്നതിനുളള നടപടിയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
5 Dec 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയിലെ സിപിഐഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കാന്‍ സിപിഐഎം വരരുതെന്ന്' വി മുരളീധരന്‍ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു മടങ്ങവെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരാമര്‍ശിച്ചു കൊണ്ടുളള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന.
'കോടിയേരി ബാലകൃഷ്ണന്‍ പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കാന്‍ വരരുതെന്നാണ് എനിക്ക് പറയാനുളളത്. തിരുവല്ല ശാന്തമായ പ്രദേശമാണ് അവിടെ സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ സിപിഐഎം ശ്രമിക്കരുത്. സിപിഐഎമ്മിനകത്ത് ആര്‍എസ്എസിന്റെ സ്വാധീനമുണ്ടെന്ന് കോടിയേരി സമ്മതിക്കണം. പത്തനംതിട്ടയിലെ സിപിഐഎം കോടിയേരി പിരിച്ചു വിടണമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ചെയ്യേണ്ടത് മാഫിയകളേയും കഞ്ചാവ് വില്‍പനക്കാരേയും നിയന്ത്രിക്കുന്നതിനുളള നടപടിയാണ് എടുക്കേണ്ടത്' എന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
തിരുവല്ലയില്‍ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്റെ പേരില്‍ ബിജെപിയെയും ആര്‍എസ്എസിനേയും വലിച്ചിഴക്കരുത്. ഈ കേസില്‍ പ്രതികളായി പിടച്ചിട്ടുളളവരില്‍ ഒരാള്‍ കുറേകാലം യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അയാളുടെ വഴിവിട്ട പ്രവര്‍ത്തനം മൂലം സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കിയതാണ്. ജിഷ്ണു ഒഴികെയുളളയുളളവരെല്ലാം സിപിഐഎം പ്രവര്‍ത്തകരാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തി കൊലപാതകാത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. പൊലീസിനെ കൊണ്ട് എഫ്‌ഐആര്‍ തിരുത്തിച്ചു. പതികള്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട് അതുകൊണ്ട് ഇത് പാര്‍ട്ടിക്കകത്ത് തന്നെ ആസൂത്രണം ചെയ്തതാണോ എന്നാണ് കണ്ടത്തേണ്ടത്.
കെ റെയില്‍ ഹരിത പദ്ധതിയാണെന്ന് പറയുന്നത് കൊള്ളക്കാരന്‍ മാന്യനെന്ന് പറയുന്നതിനു തുല്യമാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയന്‍ അബദ്ധം പറയരുത്. ഉപദേശികള്‍ പറയുന്നതെല്ലാം വിളിച്ചു പറയരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് നേരത്തെ പിന്തുണ നല്‍കിയിരുന്നുവെന്നും ബിഷപ്പുമായി സൗഹൃദ സംഭാഷണ് നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.