Top

'മതമേലങ്കിയണിഞ്ഞ് ആഭാസം നടത്തുന്ന കൂടപ്പിറപ്പുകളെ പിടിച്ചു കെട്ടണം'; 'വാട്‌സാപ്പ് കറാമത്തി'നെതിരെ സത്താര്‍ പന്തല്ലൂര്‍

മതമേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നല്‍കിയാല്‍ അവരേയും 'കൂടപ്പിറപ്പുകളേയും' പിടിച്ച് കെട്ടേണ്ടിവരുമെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മുന്നറിയിപ്പ് നല്‍കി

2 April 2022 3:37 PM GMT
അരുണ്‍ മധുസൂദനന്‍

മതമേലങ്കിയണിഞ്ഞ് ആഭാസം നടത്തുന്ന കൂടപ്പിറപ്പുകളെ പിടിച്ചു കെട്ടണം; വാട്‌സാപ്പ് കറാമത്തിനെതിരെ സത്താര്‍ പന്തല്ലൂര്‍
X

കോഴിക്കോട്: സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും നൂറെ ഹബീബെ യൂട്യൂബ് ചാനല്‍ വഴിയും നടത്തുന്ന ആത്മീയ അത്ഭുത പ്രവൃത്തിപ്രകടനങ്ങള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മതമേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നല്‍കിയാല്‍ അവരേയും 'കൂടപ്പിറപ്പുകളേയും' പിടിച്ച് കെട്ടേണ്ടിവരുമെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മുന്നറിയിപ്പ് നല്‍കി. മതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതനിയമം പാലിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു. ഒരു പരിപാടിയില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ തിക്കിതിരക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം.

'സ്വർഗത്തിലെത്താനുള്ള തിക്കും തിരക്കുമാണ്. കൂട്ടം തെറ്റിപ്പോയാൽ നേരെ നരകത്തിൽ പോയി വീഴുമെന്നാണ് മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റടിച്ചാലും നരകത്തിലേക്ക് തന്നെ ......'

മതമേഖലയിൽ പ്രവർത്തിക്കുന്നവർ മതനിയമം പാലിക്കണം. മതത്തിൻ്റെ മേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നൽകിയാൽ അവരേയും 'കൂടപ്പിറപ്പുകളേയും' പിടിച്ച് കെട്ടേണ്ടി വരും.', സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചുസയ്യിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം ആളുകള്‍ കൂട്ടമായി എത്തിച്ചേരുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അടുത്ത കാലത്തായി യൂട്യൂബും ഫെയ്‌സ്ബുക്കും വാട്‌സാപ്പും വഴി ഇത്തരം ആത്മീയ സമ്മേളനങ്ങള്‍ നടത്തിയാണ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ പ്രസിദ്ധനായതെന്ന് വിമര്‍ശനമുണ്ട്. ഇത്തരം കറാമത്തുകള്‍(അത്ഭുത പ്രവര്‍ത്തികള്‍) ആത്മീയ തട്ടിപ്പാണെന്ന് മത പണ്ഡിതന്മാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും ഇകെ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന ആരോപണം നിലനില്‍ക്കവെയാണ് സത്താര്‍ പന്തല്ലൂരിന്റെ പോസ്റ്റ്. പോസ്റ്റില്‍ കൂടപ്പിറപ്പുകള്‍ എന്ന് ഉദ്ദേശിക്കുന്നത് ഇകെ വിഭാഗത്തില്‍ നിന്നുള്ളവരെ തന്നെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 19ന് മണ്ണാര്‍ക്കാട് നടന്ന ഇത്തരമൊരു പരിപാടിയില്‍ മണ്ണാര്‍ക്കാട് എംഎല്‍എയും ലീഗ് നേതാവുമായ എന്‍ ഷംസുദ്ദീനും പങ്കെടുത്ത വീഡിയോ പ്രചരിക്കുന്നുണ്ട്.

സത്താര്‍ പന്തല്ലൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും കമെന്റുകള്‍ വരുന്നുണ്ട്. വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലും പോസ്റ്റ് പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

അതേസമയം, സമസ്തയുടെ പണ്ഡിത കൂട്ടായ്മ തന്നെ ഇത്തരം പരിപാടികള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആത്മീയ സദസുകളുടേയും ആള്‍ദൈവ സങ്കല്‍പ്പങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന ആത്മീയ ചൂഷകരെ തിരിച്ചറിയണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിക്കുന്നത്. ഇത്തരം പരിപാടികളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആദരവ്, ബഹുമാനം എന്നാണ് കറാമത്ത് എന്ന അറബി പദത്തിന്റെ അര്‍ത്ഥം. ചില സന്ദര്‍ഭങ്ങളില്‍ നടക്കുമെന്ന് വിശ്വാസികള്‍ കരുതുന്ന അത്ഭുത പ്രവര്‍ത്തികളെയാണ് കറാമത്ത് എന്ന് പറയുന്നത്. ആളുകള്‍ക്ക് ഇത്തരം സിദ്ധി ലഭിക്കുമെന്നും അത് ദൈവികമായി ലഭിക്കുന്നതാണെന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.

STORY HIGHLIGHTS: SKSSF Leader Sathar Panthaloor against Sayyid Hamid Koya Thangal Jamalullaili

Next Story