എഡ്ജ്ബാസ്റ്റണില്‍ ചരിത്രം തിരുത്തി യശസ്വി; ഒറ്റ ഇന്നിങ്‌സില്‍ പഴങ്കഥയായത് 51 വര്‍ഷത്തെ റെക്കോര്‍ഡ്‌

എഡ്ജ്ബാസ്റ്റണിൽ യശസ്വിക്ക് 13 റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്

dot image

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വീണ്ടും മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. എഡ്ജ്ബാസ്റ്റണില്‍ 87 റൺസ് കണ്ടെത്തിയാണ് യശസ്വി മടങ്ങിയത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ യശസ്വിക്ക് ഇന്നലെ 13 റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്.

എങ്കിലും മികച്ച പ്രകടനത്തോടെ ജയ്സ്വാൾ ആരാധകരുടെ കയ്യടി നേടുകയാണ്. കെ എൽ രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് മടങ്ങിയപ്പോൾ മറുവശത്ത് പോസിറ്റീവായാണ് യശസ്വി ബാറ്റ് വീശിയത്. 107 പന്തിൽ നിന്ന് 13 ബൗണ്ടറികളോടെയാണ് യശസ്വി 87 റൺസ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചതിന് ശേഷമായിരുന്നു താരത്തിന്‍റെ മടക്കം.

ഈ ഇന്നിങ്സിലൂടെ ഒരു ശ്രദ്ധേയ നേട്ടവും യശസ്വി ജയ്സ്വാൾ സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണിലെ ടെസ്റ്റ് മത്സരത്തിൽ ഒരിന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് താരം തന്‍റെ പേരില്‍ കുറിച്ചത്. 1974 ൽ സുധീർ നായിക് നേടിയ 77 റൺസായിരുന്നു ഇത്രയും നാൾ ഈ വേദിയിൽ ഒരിന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന സ്കോർ. അതാണ് 51 വർഷങ്ങൾക്ക് ശേഷം ജയ്സ്വാൾ പഴങ്കഥയാക്കിയത്.

Sudhir Naik
സുധീർ നായിക്

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ഓപ്പണർമാരുടെ ഉയർന്ന സ്കോറുകൾ:

  1. യശസ്വി ജയ്സ്വാൾ - 87, 2025 ൽ
  2. സുധീർ നായിക് - 77, 1974 ൽ
  3. സുനിൽ ഗവാസ്കർ - 68, 1979 ൽ
  4. ചേതേശ്വർ പുജാര - 66, 2022 ൽ
  5. സുനിൽ ഗവാസ്കർ - 61, 1979 ൽ‌.

അതേസമയം എഡ്ജ്ബാസ്റ്റണിലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ജയ്‌സ്വാളിന് 13 റണ്‍സകലെ സെഞ്ച്വറി നഷ്ടമായപ്പോള്‍ ക്യാപ്റ്റന്‍ ഗില്‍ സെഞ്ച്വറി നേടി ക്രീസിലുണ്ട്. 87 റണ്‍സെടുത്ത ജയ്‌സ്വാള്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), റിഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കാര്‍സ്, ശുഐബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: ENG vs IND: Yashasvi Jaiswal breaks 51-year-old record with 87 in Birmingham Test

dot image
To advertise here,contact us
dot image