ഇസ്രയേൽ-ഇറാൻ സംഘർഷം: വ്യോമപാത അടച്ച് ദുബൈ, കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും വിമാന സർവീസുകൾ റദ്ദാക്കി

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റുന്നു

dot image

തെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. ദുബൈവിമാന സർവീസും ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി.കരിപ്പൂരിൽ നിന്നുള്ള ഷാർജ വിമാനസർവീസും റദ്ദാക്കിയിട്ടുണ്ട്. രാത്രി 12.35ന് പുറപ്പെടേണ്ട സർവീസാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യോമപാത ദുബൈ താത്കാലികമായി അടച്ചതിന് പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റുകയാണ്. കരമാർഗം ഇവരെ അർമേനിയയിലേക്ക് മാറ്റുമെന്നാണ് വിവരം. 110 വിദ്യാർത്ഥികളുടെ ആദ്യ സംഘം അർമേനിയൻ അതിർത്തിയിലെത്തും. ശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കും.

ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയതോടെയാണ് വീണ്ടും സംഘർഷസാധ്യതയുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി.

ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ നിമിഷങ്ങൾകകം ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്.

'ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു' എന്ന ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നു. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിലെ ഔദ്യോഗിക മാധ്യമങ്ങളെ ആക്രമിക്കുമെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തെഹ്റാൻ്റെ വ്യോമപരിധി പ‍ൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് ന​ഗരം വിട്ടുപോകാനും ​ന​ഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.

Content Highlights: Air India service from Kannur cancelled due to israel iran conflict

dot image
To advertise here,contact us
dot image