പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ ? ഞെട്ടേണ്ട അതാണ് സത്യം.

dot image

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ ലോണിനായി ബാങ്കുകളിൽ പോയാലോ? സിബിൽ സ്‌കോർ ഇല്ലെന്ന് പറഞ്ഞ് ലോൺ നിഷേധിക്കുകയോ കൂടുതൽ പലിശ ഒടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.

എന്താണ് ഈ സിബിൽ സ്‌കോർ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത് ബാങ്കുകളാണോ? അല്ല, വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ക്ക് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളിലെ കമ്പനികളാണെന്ന് സാരം. ഞെട്ടേണ്ട അതുതന്നെയാണ് സത്യം.

എന്താണ് സിബിൽ സ്‌കോർ ?

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ഒരു കമ്പനിയുടെ പേരാണ് സിബിൽ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോർ കമ്പനി കൂടിയാണിത്. ഈ ക്രെഡിറ്റ് സ്‌കോറാണ് ലോണുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ നമുക്ക് തരണോ വേണ്ടയോ

എന്ന് തീരുമാനിക്കുന്നതിന് ബാങ്കുകൾ ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടയ്ക്കാനുള്ള പ്രാപ്തി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. സാധാരണയായി ഇത് 300-നും 900-നും ഇടയിലാണ് വരുന്നത്.

സ്‌കോർ കുറഞ്ഞുപോയാല്‍ വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും നിങ്ങള്‍ യോഗ്യനല്ലെന്നും നിശ്ചിത ബെഞ്ചിലുള്ള സ്കോറിലെത്തിയാല്‍ ഇതിനെല്ലാം നിങ്ങള്‍ യോഗ്യനാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് എജൻസികൾക്ക് വായ്പ തിരിച്ചടവ് വിവരങ്ങൾ ബാങ്കുകൾ നൽകണമെന്നാണ് നിയമം.

1990കളിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറുന്നത്. സാമ്പത്തിക നയത്തിന്‍റെ ഭാഗമായുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു അതിന് കാരണം. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിവ നടപ്പാക്കിയതോടെ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ വലിയ രീതിയിൽ മാറി. ഇതിന് പിന്നാലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരവധി പ്രശ്‌നങ്ങൾ ബാധിക്കാൻ തുടങ്ങി.

കിട്ടാകടങ്ങൾ വർധിച്ചതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയിൽ ക്രെഡിറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കിൽ ലോൺ ഉണ്ടെന്നോ, തിരിച്ചടവ് ശേഷി എത്രത്തോളം ആണെന്നോ ബാങ്കുകൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് വലിയതോതില്‍ മുടങ്ങുന്നത്. ഇതോടെ വായ്പനയത്തിൽ ബാങ്ക് നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞു.

1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യയിൽ ക്രെഡിറ്റ് ബ്യൂറോകളുടെ ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. തുടർന്ന് എൻഎച്ച് സിദ്ദിഖി ചെയർമാനായി ഒരു കമ്മിറ്റിയെ ആർബിഐ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2000ത്തിൽ ആണ് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇത് ചുരുക്കരൂപത്തിൽ സിബിൽ എന്നറിയപ്പെട്ടു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കൻ കമ്പനികളായ ട്രാൻസ് യൂണിയൻ, ഡൺ & ബ്രാഡ്‌സ്ട്രീറ്റ് ഹോൾഡിംഗ്സ് എന്നിവയായിയിരുന്നു കമ്പനിയിലെ ഷെയർ ഹോൾഡർമാർ.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അവയുടെ നിയമസാധുത ഉറപ്പാക്കുന്നതിനും വേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ബിൽ 2004 ൽ അന്നത്തെ ധനകാര്യവകുപ്പ് മന്തി പി ചിദംബരം അവതരിപ്പിച്ചു. ഈ ബിൽ പിന്നീട് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005

(The Credit Information Companies (Regulation) Act, 2005) ആയി മാറി.

ഈ ആക്ട് പ്രകാരമാണ് ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ രൂപീകരണം, അവയുടെ പ്രവർത്തനം, ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചട്ടക്കൂട്, ഉപഭോക്താക്കളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മുൻനിർത്തി സിബിലിന് പുറമെ മറ്റ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യയിൽ നിലവിൽ വന്നു.

അയർലൻഡ് ആസ്ഥാനമായ എക്‌സ്പീരിയൻ, അറ്റ്‌ലാന്റ ആസ്ഥാനമായ ഇക്വിഫാക്‌സ്, ഇറ്റലി ആസ്ഥാനമായ സിആർഐഎഫ് ഹൈ മാർക്ക് എന്നിവയായിരുന്നു അവ. അമേരിക്കൻ കമ്പനിയായിരുന്ന ട്രാൻസ് യൂണിയൻ ആയിരുന്നു സിബിൽ ആരംഭിക്കുന്നതിന് സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നത്. കാലക്രമേണ സിബിൽ കമ്പനിയിലെ ഭൂരിപക്ഷം ഷെയറുകളും ട്രാൻസ് യൂണിയൻ സ്വന്തമാക്കുകയും ചെയ്തു. നിലവിൽ ട്രാൻസ് യൂണിയൻ സിബിൽ എന്നാണ് കമ്പനി അറിയപ്പെടുന്നത്.

ഇന്ത്യയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ക്രെഡിറ്റ് സ്‌കോർ കമ്പനികളിൽ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നാണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005 നിർദ്ദേശിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യക്കാരുടെ സാമ്പത്തിക ഡേറ്റ കൈകാര്യം ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണെന്ന് പറയാം.

സിബിൽ സ്‌കോർ എന്ന ഡെമോക്ലസിന്റെ വാൾ

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിന് മുകളിൽ ഒരു ഡെമോക്ലസിന്റെ വാൾ പോലെയാണ് ഈ ക്രെഡിറ്റ് സ്‌കോർ നിൽക്കുന്നത്. ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ സ്‌കോറിനെ കാര്യമായി ബാധിക്കുകയും ഭാവിയിലെ സാമ്പത്തിക സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. 300 മുതൽ 900 വരെയുള്ള സ്‌കോർ പരിധിയിൽ, 750-ന് മുകളിലുള്ള സ്‌കോറാണ് പൊതുവെ മികച്ചതായി കണക്കാക്കപ്പെടുന്നത്. 600-ന് താഴെയുള്ള സ്‌കോറാണെങ്കിൽ അത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയുടെ സൂചനയാണ്.

സിബിൽ സ്‌കോർ ഇല്ലാതാവുകയോ വളരെ കുറയുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, പലരും സ്വകാര്യ പലിശ ഇടപാട് സംഘങ്ങളിൽ നിന്നോ അല്ലെങ്കിൽ വ്യാജ ലോൺ ആപ്പുകളിൽ നിന്നോ വായ്പ എടുക്കാൻ നിർബന്ധിതരാകുന്നു. ഇത് പലപ്പോഴും ഉയർന്ന പലിശ നിരക്കുകളിലേക്കും, അതിലൂടെ തിരിച്ച് കയറാനാവാത്ത കടക്കെണിയിലേക്കും അവരെ തള്ളിവിടും.

ഇനി ലോൺ ഒന്നും എടുക്കാതെ കൃത്യമായി സാലറി വാങ്ങിയാൽ നിങ്ങൾക്ക് പുതിയ ലോണും ഇഎംഐക്ക് സാധനവും കിട്ടുമോ ? ഇല്ല അവിടെയും സിബിൽ സ്‌കോർ എന്ന ഭീകരൻ നിങ്ങൾക്ക് പണി തരും. ലോണുകളൊന്നും എടുക്കാത്ത ഒരാൾക്ക് സിബിൽ സ്‌കോർ തന്നെ ഉണ്ടാവില്ല എന്നതാണ് യാഥാർത്ഥ്യം. ലോൺ വേണമെങ്കിൽ സിബിൽ വേണം, സിബിൽ വേണമെങ്കിൽ ലോൺ വേണം എന്ന അവസ്ഥ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു കെണിയാണ്. ഒരാൾക്ക് വായ്പാ ചരിത്രമില്ലെങ്കിൽ (No Credit History), ക്രെഡിറ്റ് സ്‌കോർ ഉണ്ടാകില്ല. ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതിനാൽ ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നു. നിലവിൽ ജോലികൾക്ക് പോലും സിബിൽ സ്‌കോർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചുരുക്കി പറഞ്ഞാൽ പൈസയ്ക്ക് ആവശ്യമൊന്നുമില്ലെങ്കിലും ലോണെടുത്ത് ഒരു സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ച്, അത് കൃത്യമായി തിരിച്ചടച്ച് സിബിൽ സ്‌കോർ ഉണ്ടാക്കണം.

ഭവന വായ്പ, വാഹന വായ്പ/വ്യക്തിഗത വായ്പ, EMI സൗകര്യങ്ങൾ, ജോലി തുടങ്ങി ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അടിത്തറപോലും നിശ്ചയിക്കുന്നത് ഈ ക്രെഡിറ്റ് സ്‌കോർ ആണെന്ന് പറയാം. കോടിക്കണക്കിനുള്ള ഇന്ത്യക്കാരുടെയും ഇന്ത്യൻ ബിസിനസിന്റെയും സാമ്പത്തിക അടിത്തറ പോലും ഈ മൂന്നക്ക സ്കോര്‍ ആണ് തീരുമാനിക്കുന്നത്.

സിബിൽ സ്‌കോർ ഇടിയുന്നത് എങ്ങനെ ?

ഒരാളുടെ ലോൺ തിരിച്ചടവ് മുടങ്ങാൻ എന്തൊക്കെ കാരണമുണ്ടാവും? അസുഖം, തൊഴില്‍ നഷ്ടം, എന്തിന് കാശ് പിടിക്കേണ്ട അക്കൗണ്ട് മാറി വേറെ അക്കൗണ്ടിൽ കാശ് സൂക്ഷിച്ചത് പോലും ലോൺ തിരിച്ചടവ് മുടങ്ങാൻ കാരണമാവും. ആ കാര്യം മതി നിങ്ങളുടെ സിബിൽ സ്‌കോർ ഇടിയാൻ. സ്‌കോർ ഇടിയുന്നതോട് കൂടി നിങ്ങൾക്ക് പിന്നെ ഒരു ലോൺ ലഭിക്കാൻ പ്രയാസമായിരിക്കും. ഇനി നിങ്ങൾ ലോൺ മൊത്തം തിരിച്ചടച്ചെന്ന് കരുതുക, എന്നാലും സിബിലിന്റെ ക്രെഡിറ്റ് ഹിസ്റ്ററിയിൽ വായ്പ തിരിച്ചടച്ചില്ലെന്നായിരിക്കും കാണിക്കുക. ഈ കാരണം കൊണ്ട് മാത്രം പുതിയ വായ്പ നിഷേധിക്കപ്പെടുകയോ കൂടുതൽ പലിശ നൽകേണ്ടി വരികയോ ചെയ്യും.

സിബിൽ സ്‌കോർ ഇടിയുന്നതോട് കൂടി പിന്നീട് നിങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്ന വീട്, വാഹനം, സംരംഭം, മറ്റെന്തെങ്കിലും ആവശ്യങ്ങൾ എന്തിന് ജോലി പോലും പ്രശ്നത്തിലാവും. ഇതിനെല്ലാം പുറമെ ആർക്കെങ്കിലും വായ്പ എടുക്കുന്നതിന് ജാമ്യം നിന്നുവെന്ന് കരുതുക. അയാൾക്ക് എന്തെങ്കിലും കാരണവശാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നാൽ വായ്പ കുടിശ്ശിക തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തം നിങ്ങളിലേക്ക് വരിക മാത്രമല്ല, തിരിച്ചടവ് മുടങ്ങിയ കാലം നിങ്ങളുടെ സിബിൽ അടക്കമുള്ള എജൻസികളുടെ സ്‌കോറിൽ കാണിക്കും. ഇതോടെ ക്രെഡിറ്റ് ഹിസ്റ്ററി മോശമാവുകയും ഭാവിയിൽ ഒരു ലോണും ക്രെഡിറ്റ് കാർഡും നിങ്ങൾക്ക് ലഭിക്കാതെ വരികയും ചെയ്യും. അടവ് തെറ്റിയ ലോൺ നിങ്ങൾ തിരിച്ചടയ്ക്കുകയോ ബാങ്കുമായി സംസാരിച്ച് തുക അടച്ച് തീർത്തെന്നും വയ്ക്കുക, എന്നാലും കാര്യമില്ല. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയിൽ ഈ ലോൺ മുടങ്ങിയ വിവരം ഉണ്ടാവും. പിന്നീട് പുതിയ ഒരു ലോണിനായി അപേക്ഷിക്കുമ്പോൾ ഈ ക്രെഡിറ്റ് ഹിസ്റ്ററി പ്രശ്‌നമാവുകയും ലോൺ ലഭിക്കാതെ വരികയും ചെയ്യും


Content Highlights: How did CIBIL come into being in India? Is CIBIL score the only thing to be afraid of?

dot image
To advertise here,contact us
dot image