വിറക് അടുപ്പിലെ പാചകം സ്ത്രീകളില്‍ മറവി രോഗത്തിന് കാരണമാകും?തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്

dot image

വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ത്രീകളുടെ തലച്ചോറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടെത്തല്‍. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. യുഎസിലെ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരും ഈ പഠനത്തിന്റെ ഭാഗമായുണ്ടായിരുന്നു. കര്‍ണാടകയിലെ ശ്രീനിവാസപുരമെന്ന ഗ്രാമീണ മേഖലയെ ക്രേന്ദീകരിച്ചാണ് പഠനം നടത്തിയത്.

ഖര ഇന്ധനം ഉപയോഗിച്ച് വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ പാചകം ചെയ്യുന്നത് മൂലം ഓക്സൈഡുകള്‍, കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഹെവി മെറ്റല്‍സ് തുടങ്ങിയ മാലിന്യങ്ങള്‍ വായുവിലേക്ക് പുറന്തള്ളാനും ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതില്‍ പ്രധാനം ഓക്സിഡേറ്റീവ് സ്ട്രെസ് ആണെന്നും ഗവേഷകര്‍ പറയുന്നു. ഇത് സ്ത്രീകളില്‍ വൈജ്ഞാനിക വൈകല്യം, ഓര്‍മ, യുക്തി, സംസാരം എന്നിവയെ ബാധിക്കും.

ഗവേഷകരുടെ പഠനത്തില്‍ നിന്ന് ഇങ്ങനെയുള്ളവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗങ്ങള്‍ക്ക് സാധ്യതയും ഏറെയാണെന്ന് കണ്ടെത്തി. ഇത് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. 45 വയസിന് മുകളിലുള്ള 4,100 പേരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഗ്രാമീണമേഖലയില്‍ പാചകം ചെയ്യുന്നത്. അതിനാല്‍തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Content Highlights: women face higher risk of cognitive decline from polluting cooking fuels

dot image
To advertise here,contact us
dot image